കോണ്‍ഗ്രസിന് ഷോക്ക്; 170 കോടിയുടെ കള്ളപ്പണ ഇടപാടില്‍ ഇന്‍കംടാക്‌സ് നോട്ടീസ്

ഹാരാഷ്ട്രയില്‍ ഭരണം പിടിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന സോണിയാ ഗാന്ധിയുടെ പാര്‍ട്ടിക്ക് ദിവസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഗാന്ധിനെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നും ഒരു അധ്യക്ഷനെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി രാജിവെച്ച ശേഷം മുന്നോട്ട് വെച്ച ഈ നിബന്ധന മറന്നാണ് ഇടക്കാല പ്രസിഡന്റായി സോണിയ തിരിച്ചെത്തിയത്. ഇതിനിടെയാണ് ബിജെപിയെ അട്ടിമറിച്ച് മഹാരാഷ്ട്ര ഭരണം ശിവസേനയെയും, എന്‍സിപിയെയും കൂട്ടി കോണ്‍ഗ്രസ് കൈക്കലാക്കിയത്.

ആശ്വാസത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസിനെ ഞെട്ടിച്ച് ഇന്‍കംടാക്‌സ് വകുപ്പാണ് ഇപ്പോള്‍ പുതിയ നീക്കം നടത്തുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഖജനാവിലേക്ക് ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ നിന്നും ഒഴുകിയെത്തിയ കള്ളപ്പണം സംബന്ധിച്ച് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി ഇതില്‍ വീഴ്ച വരുത്തിയതോടെ ഇന്‍കംടാക്‌സ് വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടങ്കിലും ഇവരും ഇതിന് തയ്യാറായില്ല. അടുത്തിടെ നടന്ന ഐടി റെയ്ഡിന് ഇടെയാണ് ഹൈദരാബാദിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനം ഹവാല ഇടപാടുകള്‍ വഴി 170 കോടി രൂപ കോണ്‍ഗ്രസ് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും വ്യാജ ബില്ലുകള്‍ വഴി മുക്കിയ പണമാണ് പാര്‍ട്ടിക്ക് കൈമാറിയത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിലാണ് പ്രധാനമായും തിരിമറി കണ്ടെത്തിയത്. ഈ പദ്ധതികള്‍ ഏറ്റെടുത്ത കമ്പനി ഫണ്ട് വ്യാജ ബില്ലുകള്‍ വഴി കൈക്കലാക്കിയെന്ന് ഇന്‍കംടാക്‌സ് കണ്ടെത്തിയിരുന്നു. ഈ പണമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഖജനാവിലേക്ക് ഒഴുകിയത്. എന്നാല്‍ ഇതില്‍ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Top