നികുതി ഘടന പരിഷ്‌കരിക്കാന്‍ ശുപാര്‍ശ; 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി

income tax

ന്യൂഡല്‍ഹി: ആദായ നികുതി നിയമത്തില്‍ മാറ്റം വരുത്തുന്നതിനായി നിയമിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്ത് വന്നു. ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്.

2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷംവരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനുമുകളില്‍ രണ്ടുകോടിവരെ വരുമാനമുള്ളവര്‍ നല്‍കേണ്ടത് 30 ശതമാനം നികുതിയുമാണ്.

നിലവില്‍ 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ളവര്‍ക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഈടാക്കുന്നത്. അതിനുമുകളില്‍, അഞ്ചു ലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനമവുമാണ് നികുതി ചുമത്തുന്നത്. 2019 ലെ ഇടക്കാല ബജറ്റില്‍ അഞ്ചുലക്ഷം രൂപവരെയുള്ളവരെ നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ മധ്യവര്‍ഗക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. സമ്പന്ന വിഭാഗക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നേട്ടമാകും നല്‍കുക.

Top