ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഗൂഡല്ലൂര്‍: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കോത്തഗിരി കോടനാട് എസ്റ്റേറ്റ് ബംഗ്ലാവില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

ജയലളിതയുടെ തോഴി ശശികല, ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ എന്നിവരുടെ നിയന്ത്രണത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള 160 സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ് നടന്നു.

പുലര്‍ച്ചെ എല്ലായിടങ്ങളിലും ഒരേ സമയം ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടു. ചെന്നൈയില്‍ നിന്നെത്തിയ 30 അംഗ പ്രത്യേക സംഘമാണ് കോടനാടില്‍ റെയ്ഡ് നടത്തിയത്.

കോത്തഗിരിയിലെ കര്‍സന്‍ എസ്റ്റേറ്റ്, ഗൂഡല്ലൂരിലെ സ്വകാര്യ മരമില്‍, അള്ളൂര്‍വയലിലെ സ്വകാര്യ എസ്റ്റേറ്റ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

ആദായനികുതി വകുപ്പ് ഓഫീസര്‍ മുഹമ്മദ് സര്‍ഫാര്‍, ഇന്‍സ്പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ കോടനാട് എത്തിയത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top