മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ക്ഷുഭിതനായി എം.കെ. സ്റ്റാലിന്‍

ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്ഷുഭിതനായി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍. ഈ പാര്‍ട്ടി ഡി.എം.കെയാണെന്നും ഞാന്‍ കലൈഞ്ജറുടെ മകനാണെന്നുമുള്ള കാര്യം മോദി മറക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും ഞാന്‍ ഭയപ്പെടില്ലെന്നും അദ്ദേഹം പെരമ്പല്ലൂരില്‍ പറഞ്ഞു.

”ഇന്ന് രാവിലെ ഞാന്‍ ചെന്നൈയില്‍ നിന്ന് ഞാന്‍ തിരുച്ചിയില്‍ എത്തി. ചെന്നൈയിലെ എന്റെ മകളുടെ വീട്ടില്‍ റെയ്ഡ് നടന്നതായി അറിഞ്ഞു. മോദി സര്‍ക്കാര്‍ ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെ സംരക്ഷിക്കുന്നു. മോദിയോട് ഇത് ഡി.എം.കെ ആണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് മറക്കരുത്, ഞാന്‍ കലൈഞ്ജറുടെ മകനാണ്. ഇത് കൊണ്ടൊന്നും ഞാന്‍ ഭയപ്പെടില്ല” -സ്റ്റാലിന്‍ വ്യക്തമാക്കി.

സ്റ്റാലിന്റെ മകള്‍ സെന്താമരൈയും മരുമകന്‍ ശബരീശനും താമസിക്കുന്നിടത്താണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ശബരീശന്റെ ഉടമസ്ഥതയിലുള്ള നാലോളം ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ചെന്നൈ നീലങ്കരൈയിലെ മകളുടെയും മരുമകന്റെയും വീട്ടില്‍ ആദായനികുതി വകുപ്പെത്തുകയായിരുന്നു.

ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ടാമത്തെ തവണയാണ് ഡി.എം.കെ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആധായനികുതി വകുപ്പ് പരിശോധനക്ക് എത്തുന്നത്. കഴിഞ്ഞ മാസം മുതിര്‍ന്ന ഡി.എം.കെ നേതാവും സ്ഥാനാര്‍ഥിയുമായ ഇ.വി. വേലുവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ പ്രതികരണം.

Top