ജി പരമേശ്വരയെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യുന്നു

ബംഗളൂരു: കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. പരമേശ്വര ചെയര്‍മാനായ മെഡിക്കല്‍ കോളജുകളില്‍ പ്രവേശന നടപടികളില്‍ തിരിമറി നടത്തി 100 കോടി രൂപ വാങ്ങിയെന്ന സൂചനയിലാണ് ചോദ്യം ചെയ്യല്‍.

മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും അടക്കം അദ്ദേഹവുമായി ബന്ധമുള്ള 30 ഓളം ഇടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും നടത്തിയ റെയ്ഡില്‍ നാലു കോടി രൂപയിലധികം പിടിച്ചെടുത്തു.

പരമേശ്വരയുടെ സഹോദരന്റെ മകന്‍ ആനന്ദിന്റെ വീട്ടിലും സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും റെയ്ഡ് നടന്നിരുന്നു. പരമേശ്വരയുടെ ബന്ധുക്കള്‍ നടത്തുന്ന ട്രസ്റ്റിന്റേതാണ് ഈ മെഡിക്കല്‍ കോളേജ്.

കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു പിന്നാലെ പരമേശ്വരയുടെ സഹായി രമേഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. രമേശിന്റെ മരണത്തിനു പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരമേശ്വരയുടെ വീട്ടിലും ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീണ്ടും റെയ്ഡ് നടത്തി. ജൂലൈയില്‍ അവിശ്വാസത്തില്‍ പുറത്താക്കപ്പെട്ട എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു പരമേശ്വര.

Top