നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടന്‍ ഇടപെടും; വീണാ ജോര്‍ജ്

തിരുവനന്തപുരം: നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടന്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി.കളക്ടര്‍ നിര്‍ദേശം നല്‍കുന്നത് എല്ലാവരും പാലിക്കാനാണെന്നും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്നുതന്നെ നിര്‍ദേശം നല്‍കുമെന്ന് കളക്ടറും വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആയതിനാലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നവോദയ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. 500 ന് മുകളിലുള്ള വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ എത്തിയത്.

ഇന്നലെ നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ കോഴിക്കോട് എന്‍ഐടിയും പ്രവര്‍ത്തിച്ചു.നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ വലിയ നിയന്ത്രണമാണ് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ അധ്യയനം ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ 23 ശനിയാഴ്ച വരെയെന്ന് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുക.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്നും വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. നിയന്ത്രണം ലംഘിച്ച് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അതല്റ്റിക്‌സ് ഗ്രൗണ്ടില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സ് പൊലീസ് നിര്‍ത്തി വെപ്പിച്ചു.

Top