കോവിഡ് രോഗി മരിച്ചെന്ന് തെറ്റായി അറിയിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി

ആലപ്പുഴ: തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസയച്ചു. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തിലും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

വെള്ളിയാഴ്ച രാത്രിയാണ് ചികിത്സയിലുള്ള കോവിഡ് രോഗിയായ കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചത്. ഇതനുസരിച്ച് ആംബുലന്‍സുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് രമണന്‍ മരിച്ചിട്ടില്ലെന്ന് ബോധ്യമായത്. വെള്ളിയാഴ്ച കായംകുളം കൃഷ്ണപുരം സ്വദേശി രമണന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണന്റെ ബന്ധുക്കളെ അറിയച്ചതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രോഗിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആളുമാറിയ വിവരം ജീവനക്കാര്‍ മനസിലാക്കുന്നത്.

Top