വിദ്യാര്‍ത്ഥി ആസിഡ് കുടിച്ച സംഭവം; കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ കര്‍ശന പരിശോധന

കോഴിക്കോട്: ബീച്ചിലെ തട്ടുകടകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് പരിശോധന നടത്തുക. വെള്ളമെന്ന് കരുതി കുട്ടികള്‍ ആസിഡ് കുടിച്ച് പൊള്ളലേറ്റതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കുന്നതിനായി നേര്‍പ്പിക്കാത്ത അസറ്റിക്ക് ആസിഡ് ഉപയോഗിക്കുന്നണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക്ക് ആസിഡ് ഉപയോഗിക്കാനാകൂ. പരിശോധനയോടൊപ്പം വ്യാപാരികളെ ബോധവത്ക്കരിക്കാനുള്ള നടപടികളും കോര്‍പ്പറേഷന്‍ സ്വീകരിക്കും.

ആസിഡ് കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റ വിവരം പുറത്ത് വന്നതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കടകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. കടകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ശേഷം അനുവദനീയമായതിനേക്കാള്‍ വീര്യത്തില്‍ ആസിഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതേസമയം ആസിഡ് കുടിച്ച് പൊളലേറ്റ കുട്ടികള്‍ പയ്യനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Top