പിഎസ്സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: പിഎസ്സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയില്‍. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയാണ് പിടിയിലായത്. ഇവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഒന്നാംപ്രതിയായ അടൂര്‍ സ്വദേശി ആര്‍ രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ്.പൊലീസ് ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന് ഉറപ്പിക്കാന്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ അയച്ചു നല്‍കിയെന്ന് തട്ടിപ്പിനിരയായവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

ഒരുമിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും കൂടുതല്‍പ്പേരെ കൊണ്ടുവരാനും നിര്‍ദേശിക്കും. കൂടുതല്‍ ആളുകളെ എത്തിച്ചാല്‍ നല്‍കേണ്ട പണത്തിന് ഇളവുകളും വാഗ്ദാനംചെയ്യും. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍തന്നെ കൂടുതല്‍ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂ എന്നും നിര്‍ദേശിക്കും. ഇവരെ വിശ്വസിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പലര്‍ക്കും ജോലികിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഇതിലേറെ രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. വാട്‌സാപ് ഗ്രൂപ്പ് വഴി ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികള്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി തട്ടിപ്പുസംഘം തയാറാക്കിയ വാട്‌സാപ് ഗ്രൂപ്പില്‍ 84 പേര്‍ അംഗങ്ങളായിരുന്നു. ഇതില്‍ 15 പേര്‍ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോട് പറഞ്ഞിട്ടുള്ളൂ.

Top