ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവം; DYFI പ്രവര്‍ത്തകന്‍ ഒളിവില്‍, കാപ ചുമത്തിയേക്കും

കായംകുളം : മുഖ്യമന്ത്രി കടന്ന് പോകുമ്പോള്‍ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച കേസിലെ പ്രതി ഒളിവിലെന്നു പോലീസ്. അജിമോന്‍ കണ്ടല്ലൂരിനാണു മര്‍ദനമേറ്റത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഭരണിക്കാവ് സ്വദേശി അനൂപ് വിശ്വനാഥന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. അജിമോനെ പോലീസ് നീക്കുമ്പോള്‍ അനൂപ് പിറകിലൂടെയെത്തി മര്‍ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചെത്തിയാണ് നവകേരളസദസ്സിന്റെ വൊളന്റിയര്‍ കൂടിയായ അനൂപ് ആക്രമിച്ചത്.

നവകേരളസദസ്സിന്റെ വൊളന്റിയര്‍മാര്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ വ്യാപാരിയെ മര്‍ദിച്ച കേസിലെ പ്രതികളും ഒളിവിലാണ്. ഇടശ്ശേരി ജങ്ഷനില്‍ മൊബൈല്‍ക്കട നടത്തുന്ന വഹാബിനെയാണ് വൊളന്റിയര്‍മാര്‍ ആക്രമിച്ചത്. താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണത്തില്‍ പാര്‍ട്ടിനടപടിക്കു വിധേയനായ അരുണിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇയാള്‍ വേറെ കേസുകളിലും പ്രതിയാണ്. കാപ പ്രകാരമുള്ള നടപടി വരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Top