അവതാരകന്റെ മുഖത്തടിച്ച സംഭവം; അക്കാദമിയോട് മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ചത് വലിയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സംഭവത്തില്‍ സ്മിത് മാപ്പു പറയുകയും ചെയ്തു. ഈ അവസരത്തില്‍ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

‘അക്കാദമിയോട് മാപ്പ് പറയുകയാണ്. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ജനങ്ങളുടെ മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ് കണ്ണുകള്‍ നിറയുന്നത്. കിംഗ് റിച്ചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും നന്ദി. സ്‌നേഹം ചിലപ്പോള്‍ നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ഞാന്‍ ഓസ്‌കാര്‍ അക്കാദമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. അക്കാദമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി,’ വില്‍ സ്മിത് പറഞ്ഞു.

അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത് ഓസ്‌കാര്‍ വേദിയില്‍ വെച്ച് തല്ലിയത്. ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്‌കാര്‍ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകര്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് സീരിയസ് ഇഷ്യു ആണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്.

Top