നീറ്റ് പരീക്ഷ:വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട് : പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

പരീക്ഷാ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. അതിനിടെ സിബിഎസ്ഇ സംഘം കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് സിബിഎസ്ഇ ഡല്‍ഹി ആസ്ഥാനത്തേക്ക് അയച്ചതായും സിബിഎസ്ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

നീറ്റ് പരീക്ഷ എഴുതുന്നതിന് ഹാളില്‍ കയറുന്നതിനു മുന്‍പ് മെറ്റല്‍ ഹുക്ക് ഉണ്ടെന്ന കാരണം പറഞ്ഞു വിദ്യാര്‍ത്ഥിനിയോടു അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് മറ്റു സ്‌കൂളുകളില്‍ ഒന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്. ഹാളില്‍ കയറിയ ശേഷം ഇന്‍വിജിലേറ്ററുടെ നോട്ടം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായും ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചോദ്യപേപ്പര്‍ ഉപയോഗിച്ച് ശരീരം മറച്ചു പിടിക്കേണ്ടി വന്നതായും എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ വിദ്യാര്‍ത്ഥിനി പറയുന്നു.

Top