ആലുവയില്‍ യുവാവിനെ മര്‍ദിച്ച സംഭവം; എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്

കൊച്ചി: ആലുവയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്. വിവിധ സംഘടനകളാണ് മാര്‍ച്ച് നടത്തുന്നത്.

അതേസമയം യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. സ്റ്റേഷനിലെ റൈറ്ററും എ.എസ്.ഐയുമായ പുഷ്പരാജ്, പൊലീസ് ഡ്രൈവര്‍ അഫ്‌സല്‍, സി.പി.ഒ ജലീല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മര്‍ദ്ദനത്തിനിരയായ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാന്‍ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ശരീരമാസകലം ചതവും മുഖത്ത് മുറിവുമേറ്റിട്ടുണ്ട്. താടിയെല്ലിനും കവിളെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രകിയ വേണ്ടതിനാല്‍ ഉസ്മാനെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുഞ്ചാട്ടുകര ഗവ. സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. മുതിരക്കാട്ടുമുകളില്‍ നിന്നും പോക്‌സോ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് എടത്തല സ്റ്റേഷനിലേക്ക് പോകുകയായിരുന്നു പൊലീസുകാര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ ഇടിച്ച് ഉസ്മാന്റെ ബൈക്ക് മറിഞ്ഞു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് പൊലീസ് ഡ്രൈവര്‍ അഫ്‌സലിന്റെ നേതൃത്വത്തില്‍ ആദ്യം മര്‍ദ്ദിച്ചത്. സംഭവ സ്ഥലത്ത് വച്ചും കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചു. കാറില്‍ മൂന്ന് പൊലീസുകാരും പോക്‌സോ കേസിലെ പ്രതിയുമാണ് ഉണ്ടായിരുന്നത്. പോക്‌സോ കേസിലെ പ്രതിയെ കൊണ്ടും ഉസ്മാനെ കൈയ്യേറ്റം ചെയ്യിച്ചതായി പറയുന്നു.

സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എടത്തല പൊലീസ് സ്‌റ്റേഷനിലെത്തിയതോടെ ഉസ്മാനെ സ്‌റ്റേഷന്റെ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രന്‍ സ്റ്റേഷനിലെത്തിയ ശേഷം ഉസ്മാനെ ആലുവ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ രാത്രി എക്‌സറേ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ അര്‍ദ്ധരാത്രിയോടെയാണ് രാജഗിരിയിലേക്ക് മാറ്റിയത്.

Top