കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളപദയാത്രയുടെ സമാപനം; പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയത് ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ടായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന പശ്ചാത്തലത്തിലും ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ബിജെപി വിജയം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. നേരത്തെ രാജ്യസഭാ കാലവധി അവസാനിച്ച രാജീവ് ചന്ദ്രശേഖരന് വീണ്ടും മത്സരിക്കാന്‍ അവസരം നിഷേധിച്ചിരുന്നു. അദ്ദേഹത്തെ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു രാജ്യസഭയിലേയ്ക്ക് വീണ്ടും അവസരം നല്‍കാതിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരുന്ന അറിയിപ്പ്. യുഡിഎഫും ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് ബിജെപി അണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

അടുത്തിടെ ബിജെപി അംഗത്വം സ്വീകരിച്ച പി സി ജോര്‍ജ്ജിനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. എന്നാല്‍ നായര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കളുടെ പേരിനാണ് സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയില്‍ മുന്‍തൂക്കം. പി സി ജോര്‍ജ്ജിനായി ദേശീയ നേതൃത്വം കടുപിടുത്തം സ്വീകരിച്ചാല്‍ ഷോണ്‍ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവും സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പി സി ജോര്‍ജ്ജിന് വിജയസാധ്യത തീരെയില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട്ട് സി കൃഷ്ണകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. കൊല്ലത്ത് കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍ഗണന.ആലപ്പുഴയില്‍ ഡോ. കെ എസ് രാധാകൃഷ്ണന്റെ പേരിനു പുറമേ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യയുടെ പേരും പരിഗണനയിലുണ്ട്. മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്ന അബ്ദുല്‍ സലാമിന്റെയും പേരാണ് പരിഗണനാ പട്ടികയിലുള്ളത്. കോഴിക്കോട് എം ടി രമേശിനെയും വടകരയില്‍ ശോഭാ സുരേന്ദ്രനെയുമാണ് പരിഗണിക്കുന്നത്. ബിജെപി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കാസര്‍കോട്ട് പി കെ കൃഷ്ണദാസാണ് പരിഗണന പട്ടികയിലെ ആദ്യപേരുകാരന്‍. തുഷാര്‍ വെള്ളാപ്പള്ളിയുടേതുള്‍പ്പെടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

നേരത്തെ ദേശീയ നേതൃത്വം നടത്തിയ സര്‍വ്വെകളുടെയും ആര്‍എസ്എസ് നേതൃത്വത്തിന്റെ അഭിപ്രായവും പരിഗണിച്ചാണ് ദേശീയ നേതൃത്വം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും.

Top