ബൊഫോഴ്‌സ് മുതല്‍ ഹെലികോപ്റ്റര്‍ കരാര്‍ വരെ എല്ലാ അന്വേഷണവും ഒരു കുടുംബത്തിലേക്ക്‌

ന്യൂഡല്‍ഹി : മുൻ സർക്കാരുകളെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഎ ഭരണകാലത്ത് റഫാൽ ഇടപാട് അട്ടിമറിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി ആരോപിച്ചു.

ബൊഫോഴ്സ് മുതൽ ഹെലികോപ്റ്റർ‌ കരാർ വരെ, എല്ലാ അന്വേഷണവും ഒരു കുടുംബത്തിലേക്കാണു വിരൽചൂണ്ടുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്കു വരാതിരിക്കാനാണ് ഇപ്പോള്‍ ഇവർ ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങളെല്ലാമുണ്ടെങ്കിലും ഇന്ത്യയുടെ ആകാശത്ത് റഫാൽ വിമാനങ്ങള്‍ പറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുൻ സൈനികരോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് ജവാൻമാരുടെ ജീവൻ കൊണ്ട് കളിക്കുകയായിരുന്നെന്നും മോദി പറഞ്ഞു. സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു അവസരവും താൻ പാഴാക്കിയിട്ടില്ലെന്ന് മോദി അവകാശപ്പെട്ടു. 2009-ൽ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ സൈന്യം ആവശ്യപ്പെട്ടതാണ്. അന്നത്തെ സർക്കാർ അത് നൽകിയില്ല. പിന്നീട് നാലരവർഷം കൊണ്ട് തന്‍റെ സർക്കാർ 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകി.

സൈന്യത്തിൽ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകിയത് തന്‍റെ സർക്കാരാണെന്നും മോദി അവകാശപ്പെട്ടു. മോദിയെ ഓർമ്മിച്ചാലും ഇല്ലെങ്കിലും വീരമൃത്യു വരിച്ച ജവാൻമാരുടെ സ്മരണ എന്നും നിലനിൽക്കണം. ഏതു തടസ്സത്തിനെതിരെയും പോരാടാൻ താൻ തയ്യാറെന്നും മോദി വ്യക്തമാക്കി.

Top