ചാര്‍ജ്ജിംഗ് പോയിന്റുകളുടെ അപര്യാപ്തത വൈദ്യുത വാഹനങ്ങളെ ഏറ്റെടുക്കാന്‍ മടിച്ച് കേന്ദ്രസര്‍ക്കാര്‍

electric-vehicle

ഴിഞ്ഞ വര്‍ഷമാണ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം പതിനായിരം വൈദ്യുത വാഹനങ്ങളെ വാങ്ങാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സെപ്തംബറില്‍ ടെന്‍ഡര്‍ വിളിച്ചു ടാറ്റയ്ക്കും മഹീന്ദ്രയും സര്‍ക്കാര്‍ ഓര്‍ഡറും നല്‍കി. 2018 ജൂണില്‍ പതിനായിരം ഇലക്ട്രിക് കാറുകള്‍ നിരത്തില്‍ ഇറങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇലക്ട്രിക് കാറുകളുടെ ഏറ്റെടുക്കല്‍ ഇനിയും വൈകുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ചാര്‍ജ്ജിംഗ് പോയിന്റുകളുടെ അപര്യാപ്തതയാണ് വൈദ്യുത വാഹനങ്ങളുടെ ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നത്. കൂടുതല്‍ ചാര്‍ജ്ജിംഗ് പോയിന്റുകളെ നഗരങ്ങളില്‍ ദ്രുധഗതിയില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്.ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡിനാണ് വൈദ്യുത വാഹനങ്ങള്‍ ഏറ്റെടുക്കാനുള്ള ചുമതല.

വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള കരാറിന് വേണ്ടി ആരും മുന്നോട്ടു വരാത്തതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. എന്നാല്‍ ഇതു കാര്യമാക്കാതെ കൂടുതല്‍ വൈദ്യുത കാറുകള്‍ക്ക് വേണ്ടിയുള്ള ടെന്‍ഡര്‍ സര്‍ക്കാര്‍ ക്ഷണിക്കുന്നുണ്ടുതാനും.

വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടു 9,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഈ സമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം വൈദ്യുത കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ഇളവു നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പ്രചാരം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വൈദ്യുത ടൂവീലറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മുപ്പതിനായിരും രൂപയുടെ ഇളവ് നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ക്ക് വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്. പദ്ധതിക്ക് കീഴില്‍ ആദ്യത്തെ അമ്പതിനായിരം വൈദ്യുത കാറുടമകള്‍ക്ക് ഇളവു നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം.

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ വില കുറയ്ക്കാന്‍ ഈ നടപടി ഉപകരിക്കും.

15 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വൈദ്യുത കാറുകള്‍ക്കാണ് രണ്ടര ലക്ഷം രൂപയുടെ ഇളവ് ലഭിക്കുക.സമാനമായി ആദ്യത്തെ ഒന്നര ലക്ഷം അതിവേഗ വൈദ്യുത ടൂവീലര്‍ ഉടമകള്‍ക്കാണ് മുപ്പതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ അനുവദിക്കുക. വൈദ്യുത മോഡലുകളുടെ വില ഒന്നര ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കും.വേഗത കുറഞ്ഞ വൈദ്യുത ടൂവീലര്‍ മോഡലുകള്‍ക്ക് ഇരുപതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കും. അതേസമയം മോഡലുകളുടെ വില ഒരു ലക്ഷം രൂപയില്‍ കൂടരുത്. മുച്ചക്ര വാഹനങ്ങളിലും, ബസുകളിലും, ട്രക്കുകളിലും, ലഘുവാണിജ്യ വാഹനങ്ങളിലും ഇതേ പദ്ധതി സര്‍ക്കാര്‍ പ്രവര്‍ത്തികമാക്കും.

വൈദ്യുത വാഹനങ്ങളുടെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇത്തരം ഇളവുകള്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Top