in yogis gorakhnath math muslims handle finances as well as its cows

ഗോരഖ്പുര്‍: വര്‍ഗീയ പരാമര്‍ശങ്ങളാല്‍ ശ്രദ്ധേയനായ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പശുക്കളെ പരിപാലിക്കുന്നതും മുസ്ലിങ്ങളാണ്.

അദ്ദേഹത്തിന്റെ ഗോരഖ്‌നാഥ് മഠത്തിലാണ് മതസൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്.

35 വര്‍ഷത്തോളമായി ഈ മഠത്തിലെ എല്ല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതും ക്ഷേത്രത്തിലെ ചിലവുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നത് യാസിന്‍ അന്‍സാരിയെന്നയാളാണ്.

ഛോട്ടെ മഹാരാജുമായി എനിക്ക് അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം ഇവിടെയുണ്ടെങ്കില്‍ തന്നെ വിളിച്ച് നിര്‍മ്മാണ പ്രവൃത്തികളുടെ വിവരങ്ങള്‍ അന്വേഷിക്കും. ഞാന്‍ അദ്ദേഹം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ സ്വതന്ത്രമായാണ് പോകുന്നത്. അടുക്കളയിലും കിടപ്പുമുറിയിലും പ്രവേശിക്കുന്നതിന് ഒരു വിലക്കുമില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കും. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചില കടകളൊക്കെ നടത്തുന്നത് മുസ്ലിംകളാണെന്നും യാസിന്‍ അന്‍സാരി പറഞ്ഞു. യോഗി ആദിത്യനാഥ് ഛോട്ടെ മഹാരാജ് എന്ന പേരിലാണ് മഠത്തില്‍ അറിയപ്പെടുന്നത്.

മതവും ജാതിയും നോക്കാതെ യോഗി നിരവധിപേര്‍ക്ക് സഹായം നല്‍കുന്നത് കണ്ടിട്ടുണ്ട്. എന്റെ കുടംബത്തിലെ വിവാഹങ്ങള്‍ക്കെല്ലാം അദ്ദേഹം പങ്കെടുക്കുന്നു, എന്തെങ്കിലും തരത്തിലുള്ള വിവേചനം അദ്ദേഹം കാട്ടുന്നതായിട്ട് തോന്നിയിട്ടില്ലെന്നും ക്ഷേത്രത്തോട് ചേര്‍ന്ന് കച്ചവടം നടത്തുന്ന സൈദ് അസീസുന്നീസ പറഞ്ഞു.

യാസിന്‍ അന്‍സാരിയുടെ ഭാര്യാമാതവും പിതാവും ഇവിടുത്തെ ജോലിക്കാരായിരുന്നു. 1977 മുതല്‍ 1983 വരെ അന്‍സാരിയായിരുന്നു ക്ഷേത്രത്തിലെ ഖജാന്‍ജി. അതിന് ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടക്കാരനായി മാറിയത്.

ഗോരക്‌നാഥ് ക്ഷേത്രത്തിന്റെ ആദ്യ എഞ്ചിനീയറും മുസ്ലിമായിരുന്ന മഹാറാണാ പ്രതാപ് പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ നിസാര്‍ അഹമ്മദായിരുന്നു.

ഗോരക്‌നാഥ് ആശുപത്രി, സംസ്‌കൃത വിദ്യാലയം, രാധാ കൃഷ്ണ മന്ദിരം, ശങ്കര്‍ മന്ദിരം, വിഷ്ണു മന്ദിരം, ഹനുമാന്‍ മന്ദിരം തുടങ്ങിയ ഗോരക്‌നാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചത് താന്‍ രൂപം നല്‍കിയ ഡിസൈനിലായിരുന്നുവെന്ന് നിസാര്‍ അഹമ്മദ് പറഞ്ഞു.

ഇവിടെയുള്ള യോഗിയുടെ 400 പശുക്കളെ പരിപാലിക്കുന്നത് മുഹമ്മദ് എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ്. ആദ്യം തന്റെ പിതാവായിരുന്നു ഈ ജോലി ചെയ്തിരുന്നതെന്നും ഇപ്പോള്‍ താന്‍ ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top