ഗോവിന്ദന്‍ പറഞ്ഞതില്‍ വിദ്വേഷമില്ല, സുരേഷ് ഗോപി ക്ഷമ ചോദിച്ചത് തെറ്റ് മനസിലായത് കൊണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗോവിന്ദന്‍ പറഞ്ഞതില്‍ വിദ്വേഷമില്ല. മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോണ്‍ഗ്രസുകാരുടെ കളിയാണ് എംവി ഗോവിന്ദനെതിരെ നടക്കുന്നത്. സുരേഷ് ഗോപിയുടെ പെരുമാറ്റം ഒരു തരത്തിലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കേണ്ടി വന്നത് തെറ്റ് മനസിലായത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം പരിപാടി വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം പരിപാടിയില്‍ എതെങ്കിലും നേതാക്കള്‍ പങ്കെടുക്കാതിരിക്കുമായിരിക്കും പക്ഷെ ജനം സഹകരിക്കുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ എംവി ഗോവിന്ദന്‍ അടക്കം നാല് പേര്‍ക്കെതിരെ കെപിസിസി പൊലീസില്‍ പരാതി നല്‍കി. ഗോവിന്ദന് പുറമെ, മുന്‍ ഇടത് എംപി സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ പി സരിന്‍ പൊലീസിന് പരാതി നല്‍കിയത്. മനപ്പൂര്‍വ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങള്‍ തമ്മിലുള്ള വെറുപ്പിനും സ്പര്‍ദ്ധയ്ക്കും കാരണമാകും വിധമാണ് നാല് പേരും പ്രതികരിച്ചതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തുന്നു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top