പശ്ചിമ ബംഗാളിൽ , മമത സർക്കാറിനെതിരെ പ്രതിഷേധം ശക്തം , ആളിക്കത്തിച്ച് ഇടതുപക്ഷം , അടിപതറി ബി.ജെ.പി !

ശ്ചിമ ബംഗാളിലെ സംഘര്‍ഷ മേഖലയായ സന്ദേശ് ഖാലി, മമത ഭരണകൂടത്തിനു ഇപ്പോള്‍ നല്‍കുന്ന സന്ദേശവും… അത്രനല്ലതല്ല. പ്രാദേശിക തൃണമൂല്‍ ഓഫീസുകളിലേക്ക്, സ്ത്രീകളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന ഗുരുതര ആരോപണത്തില്‍… തിളച്ചു മറയുകയാണിപ്പോള്‍ ബംഗാള്‍. സന്ദേശ്ഖാലിയില്‍ അതിക്രമത്തിന് നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ തൃണമൂല്‍ നേതാവിനെ പൊലീസ് സംരക്ഷിക്കുകയാണോയെന്ന് , കല്‍ക്കത്ത ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ സ്വമേധയ കേസെടുത്ത ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനമാണ്, ഈ സംശയമുന്നയിച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ , ഇതിനകം തന്നെ പ്രധാന വാര്‍ത്തയായാണ് , സന്ദേശ് ഖാലി ഇടംപിടിച്ചിരിക്കുന്നത്.

CULCUTTA

വിഷയത്തില്‍ ഇടപെട്ട സി.പി.എം , തൃണമൂല്‍ കോണ്‍ഗ്രസ്സിനും മമത ഭരണകൂടത്തിനുമെതിരെ , വ്യാപക പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.എം – പി.ബി അംഗമായ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം , പൊലീസ് വിലക്ക് ലംഘിച്ചാണ് , സംഭവസ്ഥലത്ത് എത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടന്നാക്രമണത്തിനെതിരെ ജനകീയ പ്രതിരോധം തുടരുന്ന സന്ദേശ്ഖാലിയിലേക്ക് കുതിച്ചെത്തിയ , ബൃന്ദ കാരാട്ടിനെ പൊലീസ് തടഞ്ഞപ്പോള്‍ , ആ പ്രദേശത്തെ ജനങ്ങള്‍ പൊലീസിനെതിരെ തിരിഞ്ഞതും , വേറിട്ട കാഴ്ചയായിരുന്നു. ഇതോടെയാണ് ബൃന്ദയുടെ നേതൃത്വത്തിലെത്തിയ സി.പി.എം വനിതാ നേതാക്കളെ സന്ദേശ്ഖാലിയിലേക്ക് പോകാന്‍ പൊലീസ് അനുവദിച്ചിരുന്നത്. അതിന് അവര്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.

തുടര്‍ന്ന് , ആക്രമണത്തിന് ഇരയായവരുമായി നേരിട്ട് സംവദിച്ച ബൃന്ദകാരാട്ട് , സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. തൃണമൂലുകാരില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍, തങ്ങള്‍ അനുഭവിച്ച ക്രൂരതകള്‍ ഓരോന്നായി സി.പി.എം നേതാക്കളുമായി പങ്കുവയ്ക്കുകയുണ്ടായി.

പൊലീസ് സംരക്ഷണയില്‍ തൃണമൂലുകാര്‍ നടത്തുന്ന ക്രൂരതകള്‍ മറച്ചുവച്ച്, അക്രമികളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സ്വീകരിച്ചതെന്നാണ് , സ്ത്രീകളുടെ പരാതികള്‍ കേട്ട ശേഷം , ബൃന്ദ പ്രതികരിച്ചിരിക്കുന്നത്.

ക്രൂരമായ അക്രമത്തിന് ഇരയാകുന്നെന്ന് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ പറയുമ്പോള്‍, അത് ഗൂഢാലോചനയാണെന്ന് മമത അധിക്ഷേപിക്കുകയാണെന്നും , അവര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. അക്രമികള്‍ക്തെിരെ പ്രതിഷേധിച്ചതിന് അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ നിരാപദ് സര്‍ദാറിനെ, ഉടന്‍ വിട്ടയക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ , മമത സര്‍ക്കാറാണിപ്പോള്‍ വെട്ടിലായിരിക്കുന്നത്. സന്ദേഷ്ഖാലിയിലെ തൃണമൂല്‍ ക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സി.പി.എം ഉയര്‍ത്തി കൊണ്ടു വന്നിരിക്കുന്നത്. തൃണമൂല്‍ പീഡനത്തിനെതിരെ പ്രതിഷേധിച്ച… സി.പി.എം മുന്‍ എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തതും , രാഷ്ട്രീയമായി സി.പി.എമ്മിനാണ് ആയുധമായിരിക്കുന്നത്.

അതേസമയം, ‘സന്ദേഷ്ഖാലിയില്‍ ‘മുതലെടുപ്പ് നടത്താന്‍ ബി.ജെ.പി നടത്തിയ നീക്കവും , ഇതിനകം തന്നെ പാളിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ , എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനെ, ‘ഖലിസ്ഥാനി’ എന്നു വിളിച്ചതാണ് , ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇതിനെതിരെയും , വ്യാപക പ്രതിഷേധമാണ് ബംഗാളില്‍ അരങ്ങേറിയിരിക്കുന്നത്.

ബി.ജെ.പി പ്രവര്‍ത്തകരെ തടഞ്ഞ സിഖ് വിഭാഗക്കാരനായ ഐപിഎസ് ഉദ്യോഗസ്ഥനെ, ബിജെപി എംഎല്‍എ അഗ്‌നിമിത്ര പോള്‍ ആണ് ‘ഖലിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നത്. ഇതിനെതിരെ സ്‌പോട്ടില്‍ തന്നെ , ശക്തമായ പ്രതികരണം… ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയുണ്ടായി. ഇതോടെ , ബി.ജെ.പി എന്ത് ആവശ്യമുയര്‍ത്തിയാണോ സന്ദേഷ്ഖാലിയില്‍ എത്തിയത് , ആ വിഷയം തന്നെ മാറി , സിഖുകാരനായ പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതാണിപ്പോള്‍ വിവാദമായി പടര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ ട്വിസ്റ്റില്‍, ബി.ജെ.പി ദേശീയ നേതൃത്വവും പകച്ചു നില്‍ക്കുകയാണ്. സിഖ് സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ എല്ലാം തന്നെ , ബി.ജെ.പിക്ക് എതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറിയിരിക്കുന്നത്.

42 ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നും , 2019-ലെ തിരഞ്ഞടുപ്പില്‍, 18 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ , ഈ സീറ്റുകളില്‍ എത്ര എണ്ണം നിലനിര്‍ത്താന്‍ കഴിയുമെന്നതില്‍ , ബി.ജെ.പി നേതൃത്വത്തിനു തന്നെ ആശങ്കയുണ്ട്. സി.പി.എമ്മിന്റെ ശക്തമായ തിരിച്ചുവരവാണ് , ബി.ജെ.പിയെയും , തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ഒരു പോലെ ഭയപ്പെടുത്തുന്നത്. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും നേടിയ സീറ്റുകളില്‍ പലതിലും, ഇത്തവണ സി.പി.എം അട്ടിമറി വിജയം നേടാനുള്ള സാധ്യതയാണ് സംജാതമായിരിക്കുന്നത്.

2019-ല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന സി.പി.എം , ഇത്തവണ, സംഘടനാപരമായി കരുത്താര്‍ജിച്ചാണ് , തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കൊല്‍ക്കത്ത ബ്രിഗേഡ് ഗൗണ്ടില്‍ നടന്ന ഡി.വൈ.എഫ്.ഐ റാലിയില്‍ , പത്തു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതും , തൃണമൂല്‍ ഭരണത്തിനെതിരെ ഉയരുന്ന ജനരോക്ഷവും , ബി.ജെ.പിയിലെ കൊഴിഞ്ഞു പോക്കുമെല്ലാം , സി. പി.എമ്മിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. തൃണമൂലില്‍ നിന്നും കൂട്ടത്തോടെ കൂട് വിട്ട് ബി.ജെ.പിയില്‍ എത്തിയവരില്‍ നല്ലൊരു വിഭാഗവും , കാവി പാളയംവിട്ട് പുറത്ത് പോയിട്ടുണ്ട്. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളും , ഈ കൂട്ടത്തില്‍പ്പെടും.

തൃണമൂലിനോട് നേരിട്ട് ഏറ്റുമുട്ടുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായയും , പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ ബി.ജെ.പിക്കില്ല. നഷ്ടപ്പെട്ട ആ സ്ഥാനമാണ് , ജനകീയ പോരാട്ടങ്ങളിലൂട , സി.പി.എം ഇപ്പോള്‍ തിരികെ പിടിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും മാത്രമല്ല , നവ മാധ്യമങ്ങളിലും , പ്രചരണ പ്രവര്‍ത്തനങ്ങളില്‍… സി.പി.എമ്മും, ആ പാര്‍ട്ടിയുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും , ഏറെ മുന്നില്‍ തന്നെയാണുള്ളത്. അവരുടെ സകല പ്രതീക്ഷയും ഭരണ വിരുദ്ധ വികാരത്തിലാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്ക് ഒത്ത എതിരാളിയായി , ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ മീനാക്ഷി മുഖര്‍ജിയെ ആണ് , സി.പി.എം ഉയര്‍ത്തി കൊണ്ടു വരുന്നത്. തീപ്പൊരി പ്രാസംഗികയായ ഇവരുടെ വാക്കുകള്‍ , തൃണമൂല്‍ നേതാക്കളെ മാത്രമല്ല , മമത ബാനര്‍ജിയെയും ചുട്ടുപ്പൊള്ളിക്കുന്നതാണ്. ബംഗാളിലെങ്ങും ഒരു വീര പരിവേക്ഷം തന്നെ, മീനാക്ഷി മുഖര്‍ജിക്കുണ്ട്. ഈ പേര് ഇന്ന്… പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയൊരു ആവേശമാണ്. സംസ്ഥാനം ഭരിക്കുന്ന അതിശക്തയായൊരു സ്ത്രീക്ക് ബദലാകുമെന്ന് കരുതുന്ന മറ്റൊരു സ്ത്രീയുടെ പേരായാണ്, മാധ്യമങ്ങളും മീനാക്ഷി മുഖര്‍ജിയെ വിലയിരുത്തുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍, വമ്പന്‍ തിരിച്ചുവരവിനായി കഠിനമായി പരിശ്രമിക്കുന്ന സിപിഎം അണികളുടെ ആവേശവും , ഈ ജനകീയ മുഖം തന്നെയാണ്. ബ്രിഗേഡ് റാലിയ്ക്ക് മുന്നോടിയായി, ഡി.വൈ.എഫ്.ഐ നടത്തിയ ലോംഗ് മാര്‍ച്ച് 50 ദിവസമാണ് നീണ്ടു നിന്നിരുന്നത്. 2,900 കിലോമീറ്റര്‍ താണ്ടിയ ഈ മാര്‍ച്ച് നയിച്ചതു തന്നെ മീനാക്ഷി മുഖര്‍ജിയാണ്.

സമീപകാലത്ത് ബംഗാളില്‍ ഇടതുപക്ഷം നടത്തിയ ഏറ്റവും വലതും , വിജയകരവുമായ രാഷ്ട്രീയ പരിപാടി ആയാണ് , ഈ ലോംഗ് മാര്‍ച്ചും ബ്രിഗേഡ് സമ്മേളനവും വിലയിരുത്തപ്പെടുന്നത്. സമാപന സമ്മേളനത്തിലെ വന്‍ജനപങ്കാളിത്തം കണ്ട് , ബംഗാളിലെ മാധ്യമ പ്രവര്‍ത്തകര്‍ പോലും അമ്പരന്നു പോയിരുന്നു. ചുവപ്പിന്റെ കാലം കഴിഞ്ഞെന്ന് വിലയിരുത്തിയവരുടെ , സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന ജനപ്രവാഹമായിരുന്നു അത്. തൃണമൂല്‍ ‘യുഗം’ കഴിഞ്ഞാല്‍ , ഭരണം പിടിക്കാമെന്ന ബി.ജെ.പിയുടെ കണക്കു കൂട്ടലുകള്‍ തെറ്റി തുടങ്ങിയതും ഇവിടെയാണ്. തൃണമൂലിനെ വീഴ്ത്തി ഭരണം പിടിക്കാന്‍ പോകുന്നത് ഇടതുപക്ഷമാണെന്ന് , സി.പി.എം ഇപ്പോള്‍ പറയുമ്പോള്‍ , അതിനെ കേവലം അവകാശവാദം മാത്രമായി വിലയിരുത്താന്‍, നിലവിലെ സാഹചര്യത്തില്‍ കഴിയുകയില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍… ചുവപ്പിന്റെ ശക്തി വര്‍ദ്ധിച്ചാല്‍ , നിയമസഭാ തിരഞ്ഞെടുപ്പില്‍ , മമതയ്ക്കും തൃണമൂലിനും കാര്യങ്ങള്‍ എളുപ്പമാകുകയില്ല. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും , അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top