ഇന്ത്യയില്‍ അഭയം തരണം, ഇല്ലെങ്കില്‍ പണം വേണം; പാക് നേതാവ് മോദിയോട്

നിക്കും, സഹപ്രവര്‍ത്തകര്‍ക്കും ഇന്ത്യയില്‍ അഭയാര്‍ത്ഥിത്വം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് പാകിസ്ഥാനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് സ്ഥാപകന്‍ അല്‍താഫ് ഹുസൈന്‍. 1992 മുതല്‍ യുകെയില്‍ ഒളിവില്‍ കഴിയുന്ന ഹുസൈന്‍ തനിക്കും കൂട്ടാളികള്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.

ലണ്ടന്‍ പോലീസ് ഇദ്ദേഹത്തിന്റെ ജാമ്യ വ്യവസ്ഥകള്‍ ഇളവ് ചെയ്തതോടെയാണ് ഹുസൈന്‍ വീഡിയോ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. വീഡിയോയില്‍ പ്രധാനമന്ത്രി മോദിയുടെ സഹായം തേടുകയാണ് നേതാവ്. സ്വദേശത്തെ തന്റെ വീടും, ഓഫീസുമെല്ലാം കൈയേറിയതായി ഹുസൈന്‍ ആരോപിക്കുന്നു. തനിക്ക് അഭയാര്‍ത്ഥിത്വം നല്‍കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കാനാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

സുപ്രീംകോടതി അയോധ്യ കേസില്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചും ഹുസൈന്‍ പ്രഭാഷണത്തില്‍ സംസാരിച്ചു. ‘നിലവിലെ സര്‍ക്കാരിന് ഹിന്ദു രാജ് നടപ്പാക്കാന്‍ അവകാശമുണ്ട്. ഒവൈസിയെ പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാം, അവിടെ മുസ്ലീം രാജ്യം ഇവര്‍ക്കായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്’, ഹുസൈന്‍ പറഞ്ഞു.

തനിക്കും, സഹപ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി മോദി അഭയാര്‍ത്ഥിത്വം അനുവദിച്ചാല്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണ്. താന്‍ സമാധാനകാംക്ഷിയാണെന്ന് കൂട്ടിച്ചേര്‍ത്ത ഹുസൈന്‍ യാതൊരു തരത്തിലും ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും ഉറപ്പുനല്‍കി. ഇന്ത്യയില്‍ ജീവിക്കാന്‍ മാത്രം അനുവദിക്കണമെന്നാണ് ഹുസൈന്റെ വാക്കുകള്‍.

Top