വണ്ടൂരിൽ അനിൽ ശരിക്കും വിറച്ചു, ആര്യാടന്റെ പിൻഗാമിയാകാനും ശ്രമം

ര്യാടനു ശേഷം മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച മുന്‍ മന്ത്രി എ.പി അനില്‍കുമാറിന്റെയും അടിവേരിളകുന്നു. വണ്ടൂരിലെ വോട്ടുചോര്‍ച്ചയില്‍ സമസ്തയെ മെരുക്കാന്‍ ജിഫ്രിതങ്ങളുമായി എ.പി അനില്‍കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കിലും ആ നീക്കവും വിജയം കണ്ടിട്ടില്ല. സങ്കുചിതത്വം വെടിഞ്ഞ് മുന്നോട്ടുപോകണമെന്ന ഉപദേശം മാത്രമാണ് ജിഫ്രി തങ്ങള്‍ അനില്‍കുമാറിന് നല്‍കിയിരിക്കുന്നത്.

തുടര്‍ച്ചയായി അഞ്ചാം തവണയും വണ്ടൂരില്‍ നിന്നും വിജയിച്ച അനില്‍കുമാറിന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 23,864 വോട്ടിന് വിജയിച്ച അനില്‍കുമാറിന് ഇത്തവണ 15,563 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് ഭരണം വന്നാല്‍ മന്ത്രിയാകും എന്ന പ്രചരണം നടത്തിയിട്ടും 8000ല്‍ അധികം വോട്ടുകള്‍ കുറയുകയാണുണ്ടായത്. സി.പി.എമ്മിന്റെ പുതുമുഖം പി. മിഥുന അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെയാണ് ഭൂരിപക്ഷം 15563 ആയി കുത്തനെ കുറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് 69,555 വോട്ടിന്റെ ഭൂരിപക്ഷമാണ് വണ്ടൂര്‍ നല്‍കിയത്. മുസ്ലിം ലീഗിന്റെ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിഥുന വനിതാ മതിലില്‍ പങ്കെടുത്തതോടെയാണ് ലീഗില്‍ നിന്നും പുറത്തായിരുന്നത്. വിജയിച്ചില്ലെങ്കില്‍ പോലും മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം ഏറ്റവും കൂടുതല്‍ ഉയര്‍ത്താന്‍ മിഥുനക്ക് കഴിഞ്ഞിട്ടുണ്ട്. 71,852 വോട്ടാണ് മിഥുന നേടിയത്.

ഇടതുമുന്നണിക്ക് വണ്ടൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 5 ശതമാനം വോട്ടുകളാണ് വര്‍ധിച്ചിരിക്കുന്നത്. സി.പി.എം ഒന്നുകൂടി ഒത്തുപിടിച്ചിരുന്നെങ്കില്‍ വണ്ടൂരില്‍ വിജയം നേടാമായിരുന്നു എന്ന് വ്യക്തം. നിലമ്പൂരിലും താനൂരിലും നടത്തിയ പ്രവര്‍ത്തനത്തിന്റെ പാതിയെങ്കിലും നടത്തിയിരുന്നെങ്കില്‍ വണ്ടൂരില്‍ അട്ടിമറി വിജയം നേടാമായിരുന്നെന്നാണ് ഫലസൂചനകള്‍ തെളിയിക്കുന്നത്.

മൂന്നു തവണ വണ്ടൂരില്‍ നിന്നും വിജയിച്ച് മന്ത്രിയായിട്ടും പന്തളം സുധാകരന്‍ മണ്ഡലം തിരിഞ്ഞുനോക്കാതായപ്പോഴാണ് നാട്ടുകാര്‍ തോല്‍പ്പിച്ചു വിട്ടിരുന്നത്. 1996ല്‍ പന്തളം സുധാകരനെ നാട്ടുകാരനായ സി.പി.എം സ്ഥാനാര്‍ത്ഥി എന്‍. കണ്ണന്‍ 4,201 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയിരുന്നത്.  ആ തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ തൃത്താലയില്‍ മത്സരിച്ച അനില്‍കുമാര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കെ. മുരളീധരനൊപ്പം ഐ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ച അനില്‍കുമാറിനെ മുരളീധരനാണ് 2001ല്‍ വണ്ടൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. തുടര്‍ന്ന് യു.ഡി.എഫ് ശക്തികേന്ദ്രമായ വണ്ടൂരില്‍ എന്‍. കണ്ണനെ 28225 വോട്ടിന് പരാജയപ്പെടുത്തിയാണ് അനില്‍കുമാര്‍ മണ്ഡലം തിരിച്ചുപിടിച്ചിരുന്നത്. പിന്നീടിങ്ങോട്ട് അഞ്ചു തെരഞ്ഞെടുപ്പിലും അദ്ദേഹം വണ്ടൂരില്‍ നില ഭദ്രമാക്കുകയാണുണ്ടായത്.

കോണ്‍ഗ്രസില്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കാതെ ഗ്രൂപ്പിന്റെ തണലിലും സംവരണത്തിന്റെ ആനുകൂല്യത്തിലുമാണ് അനില്‍കുമാര്‍ പദവികളോരോന്നും നേടിയെടുത്തിരുന്നത്. മലപ്പുറത്ത് ഐ ഗ്രൂപ്പ് നേതൃത്വം എം.പി ഗംഗാധരനിലായപ്പോഴാണ് കെ. മുരളീധരന്റെ വിശ്വസ്ഥനായ അനില്‍കുമാര്‍ ഐ ഗ്രൂപ്പ് നോമിനിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നത്. പിന്നീടാണ് വണ്ടൂര്‍ എം.എല്‍.എയായത്. മുരളീധരന്റെ വാശിയില്‍ തന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയുമായത്.

കെ.കരുണാകരനും മുരളീധരനും ഡി.ഐ.സിയുണ്ടാക്കി കോണ്‍ഗ്രസ് വിട്ടപ്പോള്‍ മുരളീധരനെ കൈവിട്ട് ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന് മന്ത്രിസ്ഥാനം സംരക്ഷിക്കാനാണ് അനില്‍കുമാര്‍ ശ്രമിച്ചത്. പിന്നീട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിശാല ഐ ഗ്രൂപ്പുണ്ടായപ്പോള്‍ ചെന്നിത്തലക്കൊപ്പവും അദ്ദേഹം കൂടുമാറി. 2011ല്‍, പി.കെ ജയലക്ഷ്മി മന്ത്രിയായിട്ടും അനില്‍കുമാറിന് മന്ത്രി സ്ഥാനം നല്‍കിയത് രമേശ് ചെന്നിത്തലയുടെ ഒറ്റ ഇടപെടല്‍കൊണ്ടായിരുന്നു. എന്നാല്‍ കെ.സി വേണുഗോപാല്‍ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതോടെ ചെന്നിത്തലയെ വിട്ട് കെ.സിയുടെ പാളയത്തിലേക്കാണ് അനില്‍കുമാര്‍ നിലവില്‍ ചേക്കേറിയിരിക്കുന്നത്.

മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദിനു ശേഷം കോണ്‍ഗ്രസ്നേ തൃത്വത്തെ കൈപ്പിടിയിലൊതുക്കാന്‍ കെ.സി വേണുഗോപാലുമായി ചേര്‍ന്ന് നടത്തിയ കളികളാണിപ്പോള്‍ അനില്‍കുമാറിന് തന്നെ തിരിച്ചടിയായി മാറുന്നത്.നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് നിഷേധിച്ച് വി.വി പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതും അനില്‍കുമാറായിരുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ മലപ്പുറത്തു നിന്നും മുസ്ലീം പരിഗണനയില്‍ മന്ത്രിയാകുമോ എന്ന ഭീതിയായിരുന്നു അനില്‍കുമാറിനെ അലട്ടിയിരുന്നത്.

ആര്യാടന്‍ ഷൗക്കത്തിന് നിലമ്പൂര്‍ സീറ്റിനു പകരം മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കിയപ്പോള്‍ അവിടെയും ഇടങ്കോലിട്ടു. ഡി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കിയതിനെതിരെ മുന്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഇ. മുഹമ്മദ്കുഞ്ഞിയെ കൊണ്ട് പരസ്യപ്രതികരണം നടത്തിച്ചത് അനില്‍കുമാര്‍ ആണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതുവരെ എ ഗ്രൂപ്പുകാരനായ മലപ്പുറം ഡി.സി.സിപ്രസിഡന്റ് വി.വി പ്രകാശിനെയും മുന്‍ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞിയെയും ഒപ്പം നിര്‍ത്തിയാണ് അനില്‍കുമാര്‍ അണിയറയില്‍ കളിച്ചിരുന്നത്.

ആര്യാടന്‍ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞായിരുന്നു ഈ കരുനീക്കമെന്നാണ് ആരോപണം. വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ഉമ്മന്‍ചാണ്ടിയെപ്പോലും അറിയിക്കാതെ ആര്യാടന്‍ ഷൗക്കത്തിനെ നാടകീയമായി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയതിനു പിന്നിലും രഹസ്യ അജണ്ടയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം അനില്‍കുമാറിന്റെ കരുനീക്കത്തിലെ അപകടം മണത്ത് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം ഒന്നടങ്കം ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന് നിലവില്‍ കെ.പി.സി.സി പ്രസിഡന്റിന് കത്തു നല്‍കിയിരിക്കുകയാണ്.

ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ മരണത്തോടെ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കണമെന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ് നേതൃത്വം. ആര്യാടനെ പോലെ മലപ്പുറത്ത് കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കാനാണ് അനില്‍കുമാറിന്റെ ശ്രമമെങ്കിലും ഐ ഗ്രൂപ്പിലോ പ്രവര്‍ത്തകരുടെയോ പിന്തുണ ഇക്കാര്യത്തില്‍ ഒപ്പമില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മലപ്പുറത്ത് ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ ഇപ്പോഴുള്ളത് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി അബ്ദുല്‍മജീദ്, വി. ബാബുരാജ് എന്നിവരാണ്. ഇവരുടെ പിന്തുണപോലും അനില്‍കുമാറിന് നിലവിലില്ല.

മലപ്പുറത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണ ഇപ്പോഴും ആര്യാടനും എ ഗ്രൂപ്പിനുമാണുള്ളത്. എ.കെ ആന്റണിയും വയലാര്‍ രവിയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോള്‍ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് മലപ്പുറം. അനില്‍കുമാറിന്റെ മണ്ഡലമായ വണ്ടൂരില്‍ പ്രവര്‍ത്തകരുമായി ആഴത്തില്‍ ആത്മബന്ധമുള്ള നേതാവ് ഇന്നും ആര്യാടന്‍ മുഹമ്മദ് തന്നെയാണ്. ചോക്കാടിലും കാളികാവിലും കരുവാരക്കുണ്ടിലുമൊക്കെ സൈക്കിളില്‍പോയി തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് കോണ്‍ഗ്രസിനെ കെട്ടിപ്പടുത്ത നേതാവ് കൂടിയാണ് ആര്യാടന്‍.

പഴയ നിലമ്പൂര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായ ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് അടക്കമുള്ള പഞ്ചായത്തുകളില്‍ ആര്യാടന്റെ വാക്കാണ് കോണ്‍ഗ്രസുകാര്‍ക്ക് അവസാന വാക്ക്. ആര്യാടനും എ ഗ്രൂപ്പും ഇടഞ്ഞാല്‍ വണ്ടൂരില്‍ നിന്നും അനില്‍കുമാറിന്റെ വിജയവും ഇനി സ്വപ്‌നമാകും. മുസ്ലിം ലീഗ് നേതൃത്വം അനില്‍കുമാറുമായി നല്ല ബന്ധത്തിലാണെങ്കിലും വണ്ടൂരില്‍ സമസ്തയും ലീഗ് പ്രവര്‍ത്തകരും അത്ര നല്ല ബന്ധത്തിലല്ല നിലവിലുള്ളത്. ഈ തിരിച്ചടിയാണ് ഇത്തവണ ഭൂരിപക്ഷം കുത്തനെ കുറയാനും കാരണമായിരിക്കുന്നത്.

തോല്‍വി ഉറപ്പിച്ച മത്സരത്തിനു പകരം അടുത്ത തവണ വണ്ടൂര്‍ പിടിച്ചെടുക്കാനുള്ള മത്സരമായിരിക്കും ഇടതുപക്ഷവും ഇനി നടത്തുക. ചുവപ്പിന് ഒന്നും അസാധ്യമല്ലന്ന് താനൂരും നിലമ്പൂരും വീണ്ടും തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫ് കോട്ടകളാണ്, ഒരിക്കല്‍ കൂടി ഇടതുപക്ഷം തകര്‍ത്തിരിക്കുന്നത്. ചെമ്പടയുടെ അടുത്ത ഊഴം ഇനി വണ്ടൂരും പെരിന്തല്‍മണ്ണയുമാണ്. യു.ഡി.എഫിന്റെ പോക്ക് ഇങ്ങനെയാണെങ്കില്‍ അധികം താമസിയാതെ തന്നെ ഈ മണ്ഡലങ്ങളിലും ചെങ്കൊടി പാറുക തന്നെ ചെയ്യും.

Top