ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്, ജനവിധി തേടുന്നത് 624 സ്ഥാനാര്‍ത്ഥികള്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒന്‍പത് ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂര്‍ ഖേരി, റായ്ബറേലി, ഉന്നാവ്, പിലിഭിത്ത്, സീതാപൂര്‍ എന്നിവ ഇന്ന് വിധിയെഴുതുന്ന ജില്ലകളില്‍ ഉള്‍പ്പെടും.

യുപി മന്ത്രിമാരായ ബ്രിജേഷ് പഥക്, അശുതോഷ് ടണ്ഠന്‍, മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥനായിരുന്ന രാജേശ്വര റാവു, എസ്.പിയുടെ ദേശീയ വക്താവ് അനുരാഗ് ഭാദുരിയാ എന്നിവരാണ് ഇന്ന് അങ്കത്തിനിറങ്ങുന്നവരില്‍ പ്രമുഖര്‍. സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലി, രാഹുല്‍ ഗാന്ധി പരാജയപ്പെട്ട അമേത്തി എന്നിവിടങ്ങളിലെ നിയമസഭാ സീറ്റുകളിലും ഇന്ന് ജനം വിധിയെഴുതും.

624 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സവായജ പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍. 15 പേരാണ് ഇവിടെ അങ്കത്തിനിറങ്ങിയിരിക്കുന്നത്. മത്സരിക്കുന്നവരില്‍ 37 ശതമാനം പേര് കോടീശ്വരന്മാരാണ്. 27 ശതമാനത്തിന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ട്.

ബ്രാഹ്മിന്‍താക്കൂര്‍ വോട്ടുകള്‍ നിര്‍ണായകമായ ലഖിംപൂര്‍ ഖേരി ജില്ലയില്‍ അജയ് മിശ്രയാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്. ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മതന്നെയാണ് നീതി തേടി അങ്കത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അവര്‍ ജനവിധി തേടുന്നത്.

Top