ഉത്തര്‍ പ്രദേശിൽ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്

പിലിഭിത്ത്: മദ്യപിക്കുന്ന ശീലം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമത്തിലാണ് സംഭവം. 200 മീറ്ററിലധികമാണ് ഇത്തരത്തില്‍ ഗര്‍ഭിണിയെ വലിച്ചിഴച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. സുമന്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ സംഭവത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് റാം ഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ട് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിന് സുമന്‍ ഭര്‍ത്താവിനെ ശകാരിച്ചിരുന്നു. വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ റാം ഗോപാല്‍ സുമനെ മര്‍ദ്ദിച്ചു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന പരിഗണന പോലും നല്‍കാതെ ക്ഷുഭിതനായ ഭര്‍ത്താവ് സ്ത്രീയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റാം ഗോപാലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സുമന്റെ സഹോദരനെത്തിയാണ് സഹോദരിയെ രക്ഷിച്ചത്. സഹോദരന്‍ തന്നെയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും.

മൂന്ന് വര്‍ഷം മുന്‍പാണ് റാം ഗോപാല്‍ സുമനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം ഏറെ താമസമില്ലാതെ തന്നെ റാം ഗോപാല്‍ ലഹരിക്ക് അടിമയായെന്നാണ് സുമന്‍ ആരോപിക്കുന്നത്. നിലവില്‍ എട്ട് മാസം ഗര്‍ഭിണിയാണ് സുമന്‍. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. സുമനെ ഭര്‍ത്താവ് ആക്രമിക്കുന്ന സമയത്ത് ഇയാളുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.

ഇവര്‍ സുമനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി റാം ഗോപാലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നതിനാണ് റാം ഗോപാലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Top