ഉത്തര്‍ പ്രദേശില്‍ 3 യുവാക്കള്‍ ചേര്‍ന്ന് നായയെ ചങ്ങലയില്‍ കുരുക്കി തൂക്കി കൊന്നു

യുപിയിലെ ഗാസിയാബാദിൽ 3 യുവാക്കൾ ചേർന്ന് നായയെ കെട്ടിത്തൂക്കി കൊന്നു. ക്രൂരമായ പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഗാസിയാബാദ് പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിലുള്ള യുവാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ലോനിയിലുള്ള എലായ്ച്ചിപൂര്‍ മേഖലയിലെ  ട്രോണിക് സിറ്റിയിലെ കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്.

ലോഹ നിര്‍മ്മിതമായ ചങ്ങലയില്‍ നായയുടെ കഴുത്ത് കുരുക്കിയ ശേഷം ഭിത്തിയില്‍ തൂക്കുകയായിരുന്നു. ഇതിന് ശേഷം ചങ്ങല വലിച്ചൂരുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. നായ വേദന താങ്ങാനാവാതെ നിലവിളിക്കുമ്പോള്‍ അക്രമത്തെ ഒപ്പമുള്ളവര്‍ പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ നായ ചാവുകയായിരുന്നു. മൂന്ന് മാസം മുന്‍പുള്ളതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃഗങ്ങള്‍ക്കെതിരായ ഇത്തരം അക്രമ സംഭവങ്ങളില്‍ വലിയ വര്‍ധനവാണ് സമീപ കാലത്തുണ്ടായിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചതിന് പിന്നാലെ യുവാവ് തല്ലിക്കൊന്നിരുന്ന. മഹാരാഷ്ട്രയിലെ ഭീഡിലായിരുന്നു ഇത്. കുരച്ചതില്‍ ക്ഷുഭിതനായ അയല്‍വാസി വളര്‍ത്തുനായയെ വെടിവച്ചാണ് കൊന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ വളർത്തുമൃഗങ്ങൾ മറ്റുള്ളവരെ ആക്രമിച്ചാൽ ഉടമയ്ക്ക് പിഴ ചുമത്തുമെന്ന് നോയിഡ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. വളർത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെയാണ് നോയിഡ അതോറിറ്റിയുടെ തീരുമാനം. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാൽ വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കാനാണ് നിർദ്ദേശം.

2023 മാർച്ച് 1-ന് മുമ്പ് വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും രജിസ്ട്രേഷൻ നിർബന്ധമായും ചെയ്തിരിക്കണമെന്നാണ് നിര്‍ദ്ദേശം. അവസാന തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും വളര്‍ത്തു മൃഗത്തിന്‍റെ ഉടമയ്ക്കെതിരെ പിഴ ചുമത്താനാണ് തീരുമാനം. വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപയാണ് പിഴ. വളർത്തുമൃഗങ്ങൾ പൊതുസ്ഥലത്ത് വിസർജനം നടത്തിയാൽ അത് വൃത്തിയാക്കേണ്ട ചുമതലയും മൃഗ ഉടമയ്ക്കായിരിക്കുമെന്നും നോയിഡ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

Top