യുപിയില്‍ തടവുകാര്‍ ഇനി ഗോശാലകള്‍ സംരക്ഷിക്കും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ എട്ടു ജില്ലകളില്‍ ഗോശാലകളുടെ സംരക്ഷണം തടവുകാര്‍ക്ക്. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം എട്ടു ജില്ലകളില്‍ നടപ്പാക്കുന്നതെന്നും പിന്നാലെ സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കുമെന്നും ജയിലുകളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ അറിയിച്ചു. സ്വയംപര്യാപ്തത നേടാനും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതിനും ഇതു സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സീതാപൂര്‍, ലക്കിംപുര്‍ ഖേരി, ഷാജഹാന്‍പൂര്‍, ഒറായ്, ബരബങ്കി, ലളിത്പുര്‍, വാരാണസി, ഫറൂഖാബാദ് എന്നീ ജില്ലകളിലെ തടവുകാരോടാണ് അതാത് ജില്ലകളിലെ ഗോശാലകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. തടവുകാരുടെ സേവനത്തിന് അവര്‍ക്ക് പ്രതിഫലം നല്‍കും. ഗോശാലകളിലേക്ക് തടവുകാരെ എത്തിക്കുന്നതിനും മടക്കികൊണ്ടു
പോകുന്നതിനും പൊലീസിനെയും ജയില്‍ അധികൃതരെയും ചുമതലപ്പെടുത്തി.

ജയിലില്‍ നല്ല പെരുമാറ്റം കാഴ്ച വെയ്ക്കുന്നവര്‍ക്കും മൃഗങ്ങളെ പരിപാലിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുമാണ് മുന്‍ഗണന. ഗോശാലകള്‍ തിരഞ്ഞെടുക്കുന്നതിന് അതാത് ജില്ലകളിലെ സര്‍ക്കാര്‍ തലത്തിലുള്ള ഗോശാലകളുടെ സര്‍വെ നടത്താന്‍ ജയില്‍ സൂപ്രണ്ടുമാരോട് ആവശ്യപ്പെട്ടിരുന്നു.

Top