ഗോസംരക്ഷണത്തിനായി മുറവിളി; യുപിയില്‍ ‘ഗോ’യില്‍നിന്ന് സംരക്ഷണം തേടി കര്‍ഷകര്‍

cow

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേനെ കേള്‍ക്കുന്ന ഒരു വാക്കാണ് ഗോസംരക്ഷണം എന്നത്. ഗോക്കളെ സംരക്ഷിച്ചില്ല കൊന്നു മാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് നിരവധി സംഘര്‍ഷളാണ് ദിവസേനെ ഇവിടങ്ങളില്‍ അരങ്ങേറുന്നത്. ഇപ്പോളിതാ അതേ നാട്ടില്‍ നിന്നു തന്നെ പശുക്കളുടെ ഉപദ്രവത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അലഞ്ഞുതിരിയുന്ന പശുക്കളില്‍നിന്ന് കൃഷിക്ക് സംരക്ഷണം നല്‍കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉപേക്ഷിക്കപ്പെടുന്ന കാലികള്‍ കോടിക്കണക്കിനു രൂപയുടെ കൃഷിയാണ് തിന്നു നശിപ്പിക്കുന്നത്.

പശുക്കളെക്കൊണ്ടുണ്ടാകുന്ന ഉപദ്രവം രൂക്ഷമായതോടെ കര്‍ഷകരോക്ഷം തണുപ്പിക്കാന്‍ ഗോശാലകള്‍ക്കും അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനുമായി 600 കോടി രൂപ സംസ്ഥാനത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബി.ജെ.പി. അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് പശുക്കളെ അറവിനായി വില്‍ക്കുന്നത് നിരോധിച്ചിരുന്നു. അറവുശാലകളും നിരോധിച്ചു. ഇതോടെ പശുക്കള്‍ക്ക് പ്രായമായാല്‍ സംരക്ഷിക്കുന്നത് ബാധ്യതയായി. പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ മര്‍ദനമേല്‍ക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ, കറവവറ്റിയ കാലികളെ ഉപേക്ഷിക്കുകയാണ് ക്ഷീരകര്‍ഷകര്‍. ഇവ തെരുവില്‍ അലഞ്ഞുതിരിയും.

ഉടമ ഉപേക്ഷിച്ച കാലികള്‍ തീറ്റ കിട്ടാതെ വരുമ്പോള്‍ കൃഷിയിടങ്ങളിലിറങ്ങി കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഭക്ഷിക്കാന്‍ തുടങ്ങി. ഇതോടെ വന്‍ തോതില്‍ കൃഷി നശിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ പലയിടങ്ങളിലും വലിയ ശല്യമാണ്. ഇതേത്തുടര്‍ന്ന് ഗതികെട്ട നാട്ടുകാര്‍ കാലികളെ സ്‌കൂള്‍മുറിയിലും ആശുപത്രിക്കകത്തും മറ്റും അടച്ചിട്ട സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. കര്‍ഷകരോക്ഷം ഉയര്‍ന്നതിനെ തുടര്‍ന്ന് അലഞ്ഞുതിരിയുന്ന കാലികളെ ജനുവരി 10-നകം ഗോശാലകളിലടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രശ്‌നം ഇതുവരെ അവസാനിച്ചിട്ടില്ല.

Top