ബിജെപിയുടെ മാത്രമല്ല, സിപിഎമ്മിന്റെ വോട്ടും ലഭിച്ചു: വി ഡി സതീശൻ

കൊച്ചി: തൃക്കാക്കരയിൽ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാൻ മാത്രം വോട്ട് ആ മണ്ഡലത്തിൽ യുഡിഎഫിനില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ട്വന്റി ട്വന്റി വോട്ടും ബിജെപി വോട്ടും കിട്ടിയതുകൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്ന പി രാജീവിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ജനവിധി എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുക എന്നാണ് ഇടതുപക്ഷത്തോട് പറയാനുള്ളത് എന്നായിരുന്നു സതീശന്റെ മറുപടി. അവർ ഇനിയും അത് മനസ്സിലാക്കിയില്ലെങ്കിൽ ഞങ്ങൾക്ക് സന്തോഷം.

ഇത്തരത്തിലാണ് മുമ്പോട്ടുപോകുന്നതെങ്കിൽ ഇനിയും കടുത്ത ആഘാതം അവർക്കുണ്ടാകും. അവർ മനസ്സിലാക്കി നന്നാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനവിധി എന്താണെന്ന് അംഗീകരിക്കുക. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. അതിനെ വെല്ലുവിളിച്ചാൽ ആരും പരാജയപ്പെടുമെന്നും വി ഡി സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനി ആരെയും കുത്തിനോവിക്കാൻ താനില്ല. യുഡിഎഫിന്റെ വിജയം സ്ഥാനാർത്ഥിയെ മാത്രം അടിസ്ഥാനമാക്കിയല്ല. ചിട്ടയായ പ്രവർത്തനം, യുഡിഎഫിന്റെ മണ്ഡലം, പിടി തോമസിന്റെ ഓർമ്മ, സ്ഥാനാർത്ഥിയുടെ സ്വീകാര്യത ഇതെല്ലാം കൂടിച്ചേരുമ്പോഴാണ്. അല്ലാതെ ഏതെങ്കിലും ഒരു ചെറിയ ഘടകം മാത്രമല്ലെന്ന് വി ഡി സതീശൻ പറഞ്ഞു.

Top