ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൂഞ്ചില്‍ സൈന്യം നടത്തുന്ന തിരച്ചില്‍ ഊര്‍ജിതമാക്കി

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൂഞ്ചില്‍ സൈന്യം നടത്തുന്ന തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. താഴ്വരയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരെ ആക്രമണം നടത്താനും അവരുടെ ഗുഹാ സങ്കേതങ്ങള്‍ തകര്‍ക്കാനും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രാദേശിക കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ദേരാ കി ഗലി, ബഫ്ലിയാസ് വനമേഖലയില്‍ വ്യോമ നിരീക്ഷണം ഏഴാം ദിവസവും തുടരുകയാണ്. പൂഞ്ച്- രജൗരി മേഖലയില്‍ ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായി സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുവാനും കരസേന തീരുമാനിച്ചിട്ടുണ്ട്.

ഡിസംബര്‍ 21നായിരുന്നു ബുഫ്ലിയാസിനും ഇടയിലുള്ള നിബിഡ വനമേഖലയിലെ ദനാര്‍ സവാനിയ വളവില്‍ രണ്ട് സൈനിക വാഹനങ്ങളെ ഭീകരര്‍ പതിയിരുന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം 83 തീവ്രവാദികള്‍ ഉള്‍പ്പെടെ 124 പേരാണ് ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടത്.ആക്രമണം നടന്ന പ്രദേശത്ത് സംശയാസ്പദമായ പ്രവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ രജൗരിയിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യം പുനസ്ഥാപിച്ചിട്ടില്ല. അതേസമയം മൂന്ന് യുവാക്കള്‍ മരിച്ചത് സൈനികരുടെ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന ആരോപണത്തില്‍ കരസേന ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയില്‍ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാര്‍ ആരോപിച്ചിരുന്നത്.അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബ്രിഗേഡിയര്‍ റാങ്കിലെ ഉദ്യോഗസ്ഥനെയടക്കം മൂന്നുപേരെ ചുമതലയില്‍നിന്ന് മാറ്റിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൈന്യം ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അവരുടെ കുടുംബം പ്രതിഷേധം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പൂഞ്ചില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചത്.

Top