തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ മഹാസഖ്യമായ ‘ഇന്ത്യ’യുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി വിരുദ്ധ മഹാസഖ്യമായ ‘ഇന്ത്യ’യുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്. ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ യോഗം ചേരാനാണ് തീരുമാനം. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമായ സാഹചര്യത്തിലാണ് യോഗം. തൃണമൂല്‍, ഡിഎംകെ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിനകം വിളിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതായി ആണ് വിവരം.

ഇന്നത്തെ ഫലം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക മുന്നോടിയായതിനാല്‍ ഇന്ത്യ മീറ്റിംഗ് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഡിസംബര്‍ 6 മറ്റൊരു കാരണത്താല്‍ പ്രധാനമാണ്. 1992ലെ ഈ ദിവസമാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. ആ സ്ഥലത്ത് പുതുതായി നിര്‍മിച്ച രാമക്ഷേത്രം അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

Top