യുഎസിൽ മങ്കിപോക്‌സ് ബാധിതയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി

മേരിക്കയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച ഗർഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. യുവതിയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. നേരത്തെ മങ്കി പോക്സ് പടർന്ന സാഹചര്യത്തിൽ ഗർഭാവസ്ഥയിലുള്ള അമ്മയിൽ നിന്നും കുഞ്ഞിന് രോഗം ബാധിച്ചിരുന്നു. ഗർഭിണികളായവർക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചാൽ രോഗമുക്തിയാകുന്നത് വളരെ പ്രയാസമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സിഡിസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തവണ അമ്മയിൽ നിന്നും കുഞ്ഞിന് രോഗം ബാധിച്ചില്ലെന്ന് സിഡിസിയിലെ മുതിർന്ന ഡോക്ടർ ബ്രെറ്റ് പീറ്റേഴ്‌സൺ പറഞ്ഞു. കുട്ടിയ്ക്ക് ഇമ്യൂൺ ഹ്ലോബുലിൻ ഇൻഫ്യൂഷൻ നൽകിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് വേണ്ടിയാണിത്. അതേസമയം അമേരിക്കയിൽ രണ്ട് കുട്ടികളിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യങ്ങളിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌പൈനിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

Top