സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ ആര്‍സി ബുക്കും സ്മാര്‍ട്ടാക്കുന്നതിന്റെ പേരില്‍ പിടിച്ചുപറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ ആര്‍സി ബുക്കും സ്മാര്‍ട്ടാക്കുന്നതിന്റെ പേരില്‍ നടക്കുന്നത് പിടിച്ചുപറി. പരമാവധി 15 രൂപ നിര്‍മാണ ചെലവ് വരുന്ന കാര്‍ഡിന് ഈടാക്കുന്നത് 200 രൂപയാണ്. ഓരോ കാര്‍ഡിനും കിട്ടുന്നതില്‍ 60 രൂപ പോകുന്നത് സ്വകാര്യ കമ്പനിക്കാണെന്നും റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ വ്യക്തമായി.

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലം അനുസരിച്ചു ഒരു ദിവസം 14,000 ലൈസന്‍സുകളാണ് സംസ്ഥാനത്ത് അച്ചടിക്കുന്നത്. ഒരു ലൈസന്‍സിന് 200 രൂപ എന്ന കണക്കില്‍ പ്രതിദിനം 28 ലക്ഷം രൂപ. 200 രൂപയില്‍ 60 രൂപ സര്‍ക്കാര്‍ നല്‍കുന്നത് സ്വകാര്യ കമ്പനിക്കാണ്. അതായത് ലൈസന്‍സിന്റെ അച്ചടിക്കരാറിലൂടെ പ്രതിദിനം എട്ടുലക്ഷത്തി നാല്‍പതിനായിരം രൂപയാണ് സ്വകാര്യ കമ്പനിക്ക് ലഭിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ലൈസന്‍സിന്റെ അതേ ക്വാളിറ്റിയില്‍ അതേ നിലവാരത്തില്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിന് കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ സംഘം ക്വട്ടേഷന്‍ സ്വീകരിച്ചു. ഒരു സ്ഥാപനം ക്വാട്ട് ചെയ്തിരിക്കുന്നത് 11 രൂപ 50 പൈസയും മറ്റൊരു സ്ഥാപനം 20 രൂപയുമാണ്. ഈ നിരക്കില്‍ ലഭിക്കുന്ന ഡ്രൈവിങ് ലൈസന്‍സിനും വാഹനങ്ങളുടെ ആര്‍സി ബുക്കിനുമാണ് സംസ്ഥാനത്ത് 200 രൂപ ഈടാക്കുന്നത്. 45 രൂപ തപാല്‍ ചാര്‍ജ് വേറെയും.

Top