റെക്കോഡ് ബുക്കില്‍ കോലിയും ധോണിയും ഫഖറിന് പിന്നില്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിക്കരികെ വീണെങ്കിലും പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാനെ തേടി ഒരു റെക്കോഡ്. 193 റണ്‍സാണ് ഫഖര്‍ നേടിയത്. ഓപ്പണറായി ക്രീസിലെത്തിയ ഫഖര്‍ അവസാന ഓവറിന്റെ ആദ്യ പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു. 155 പന്തില്‍ 18 ഫോറിന്റേയും 10 സിക്സിന്റേയും സഹായത്തോടെയാണ് ഫഖര്‍ ഇത്രയും റണ്‍സെടുത്തത്.

ഏകദിനത്തില്‍ രണ്ടാം ഇരട്ട സെഞ്ചുറി നേടാനുള്ള അവസരമാണ് ഫഖര്‍ പാഴാക്കിയത്. 2018ല്‍ സിംബാബ്വെക്കെതിരെ താരം പുറത്താവാതെ 210 റണ്‍സ് നേടിയിരുന്നു. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്.
വിജത്തിലേക്ക് നയിക്കാനായില്ലെങ്കിലും ഒരു കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവരെ മറികടക്കാന്‍ ഫഖറിനായി.

ഏകദിനത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമെന്ന് പേരാണ് ഫഖറിന്റെ അക്കൌണ്ടിലായത്. ഇക്കാര്യത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണായിരുന്നു മുന്നില്‍. 2011 ബംഗ്ലാദേശിനെതിരെ മിര്‍പൂരില്‍ വാട്സണ്‍ പുറത്താവാതെ 185 റണ്‍സ് നേടിയിരുന്നു.

ധോണിയും കോലിയും നിലവില്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ്. ഇരുവരും 183 റണ്‍സാണ് നേടിയത്. 2005ല്‍ ജയ്പൂരില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ധോണിയുടെ ഇന്നിങ്സ്. പുറത്താകാതിരുന്ന മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 2012 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരേയായിരുന്നു കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. അതും മിര്‍പൂരില്‍ വച്ചായിരുന്നു. എന്നാല്‍ കോലിക്ക് വിക്കറ്റ് നഷ്ടമായിരുന്നു.

വാണ്ടറേഴ്സില്‍ ഫഖര്‍ 193 റണ്‍സ് നേടിയെങ്കിലും പാകിസ്ഥാന്‍ തോല്‍വി ഒഴിവാക്കാനായില്ല. 17 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 341 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് 324 റണ്‍സാണ് നേടാനാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.

 

Top