രാജധാനി എക്സ്പ്രസില്‍ വന്‍ കവര്‍ച്ച; മയക്കുമരുന്ന് നല്‍കി യാത്രക്കാരെ കൊള്ളയടിച്ചു

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ 25 യാത്രക്കാർക്ക് മയക്കുമരുന്ന് നല്‍കി വൻ കവര്‍ച്ച.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ ആയിരുന്നു സംഭവം, മധ്യപ്രദേശിലെ രത്‌ലത്തിനു സമീപത്തായാണ് യാത്രക്കാരെ കൊള്ളയടിച്ചത്.

എസി 2 ടയര്‍, 3 ടയര്‍ കോച്ചുകളില്‍ നിന്നും പണം, ഐഫോണ്‍, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങി 10-15 ലക്ഷം രൂപ മൂല്യമുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

എ1, എ3, ബി6, ബി7, ബി9, ബി10, ബി5 കോച്ചുകളിലെ യാത്രക്കാര്‍ക്കു നേരെയായിരുന്നു ആക്രമണം.

റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ ആഹാരത്തില്‍ മയക്കുമരുന്നു ചേര്‍ത്താണു കവര്‍ച്ച ചെയ്തിരിക്കുന്നതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിലെ കോട്ട ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയപ്പോഴാണു യാത്രക്കാര്‍ ഉറക്കമുണര്‍ന്നത്. പഴ്‌സുകളും ബാഗുകളും കവര്‍ച്ച ചെയ്യപ്പെട്ട നിലയിലായിരുന്നു അപ്പോൾ.

അവശേഷിച്ച ബാഗുകള്‍ ശൗചാലയത്തിനു സമീപം കണ്ടെത്തി. തുടര്‍ന്ന് യാത്രക്കാര്‍ ന്യൂഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ റെയില്‍വേ പൊലീസിനു പരാതി നല്‍കി.

അന്വേഷണം നടക്കുകയാണെന്നും എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറ സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്നും ഇതു പരിശോധിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. റെയില്‍വേ ജീവനക്കാരുടെ പങ്കും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Top