നെതര്‍ലന്‍ഡ്സ് പ്രീ ക്വീര്‍ട്ടറില്‍; ഖത്തറിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാർ

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഖത്തറിനെ 2-0ന് വീഴ്ത്തി നെതര്‍ലന്‍ഡ്സ് ഏഴ് പോയന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ആദ്യ പകുതിയില്‍ കോഡി ഗാക്‌പോയും രണ്ടാം പകുതിയില്‍ ഫ്രാങ്കി ഡി യോങുമാണ് നെതര്‍ലന്‍ഡ്സിനായി വല ചലിപ്പിച്ചത്. ആതിഥേയരായ ഖത്തറിന്റെ മൂന്നാം തോല്‍വിയാണിത്.

കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്ന നെതര്‍ലന്‍ഡ്സിന് പക്ഷെ ആദ്യ ഗോളിലേക്ക് വഴി തുറക്കാന്‍ 26-ാം മിനിറ്റ് വരെ കാക്കേണ്ടിവന്നു. ഡേവി ക്ലാസന്റെ പാസില്‍ നിന്ന് കോഡി ഗാക്പോ ഗോള്‍ നേടിയത്. ടൂര്‍ണമെന്റിൽ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗാക്പോ നെതര്‍ലന്‍ഡ്സിനായി ലക്ഷ്യം കണ്ടു. ആദ്യ ഗോള്‍ നേടിയ ശേഷവും ആക്രമണം തുടര്‍ന്ന നെതര്‍ലന്‍ഡ്സ് ഏത് നിമിഷവും ലീഡുയര്‍ത്തുമെന്ന് കരുതിയെങ്കിലും ആദ്യ പകുതിയില്‍ വീണ്ടും ഗോള്‍ നേടാന്‍ ഓറഞ്ച് പടക്കായില്ല. മറുവശത്ത് കിട്ടിയ അവസരങ്ങളില്‍ ഖത്തറും നെതര്‍ലന്‍ഡ്സ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ലോകക്പിലെ രണ്ടാം ഗോള്‍ അവരില്‍ നിന്ന് അകന്നു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ഫ്രാങ്കി ഡിയോങ് നെതര്‍ലന്‍ഡ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി. മെംഫിസ് ഡീപേയുടെ ഗോളെന്നുറച്ച ഷോട്ട് ഖത്തര്‍ ഗോള്‍ കീപ്പര്‍ മെഷാല്‍ ബാര്‍ഷാം രക്ഷപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡി യോങിന്റെ ഗോള്‍ വന്നത്. ഖത്തര്‍ ഗോള്‍മുഖത്ത് നെതര്‍ലന്‍ഡ്സ് ഗോള്‍ ഭീഷണി മുഴക്കിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് വിനയായി. എണ്‍പതാം മിനിറ്റില്‍ മുണ്ടാരിയിലൂടെ ഖത്തര്‍ ആശ്വാസ ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ആന്ദ്രിയാസ് നൊപ്പെര്‍ട്ടിന്റെ മികവ് ഓറഞ്ച് പടക്ക് തുണയായി.

Top