ഏത് സങ്കല്‍പ്പത്തിന്റേയും വിശ്വാസത്തിന്റേയും പേരിലായാലും അത്തം നമുക്ക് ആഘോഷമാണ്; മമ്മൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. മമ്മൂട്ടിയാണ് അത്തച്ചമയഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്. അന്നും ഇന്നും അത്തത്തിന്റെ പുതുമയും അത്ഭുതവും എന്നെ വിട്ടുമാറിയിട്ടില്ല. നിങ്ങളറിയുന്ന മമ്മൂട്ടി ആകുന്നതിന് മുന്‍പ് അത്തച്ചമയ ഘോഷയാത്ര കാണാന്‍ വരാറുണ്ടായിരുന്നു. ഏത് സങ്കല്‍പ്പത്തിന്റേയും വിശ്വാസത്തിന്റേയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ആഘോഷമാണ് എന്നും മമ്മൂട്ടി പറഞ്ഞു. രാവിലെ പത്തുമണിക്ക് ബോയ്സ് മൈതാനിയില്‍ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും.

‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി. ഇത് പിന്നീട് 1961-ല്‍ കേരള സര്‍ക്കാര്‍ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.

Top