കബാലി മദപ്പാടിൽ; അതിരപ്പള്ളി – മലക്കപ്പാറ റൂട്ടിൽ യാത്രാ നിയന്ത്രണം

തൃശ്ശൂർ: കാട്ടു കൊമ്പൻ കബാലിയുടെ പൊതുനിരത്തിലെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ അതിരപ്പള്ളി – മലക്കപ്പാറ പാതയിൽ ജില്ലാ ഭരണകൂടം യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. തൃശ്ശൂർ ജില്ലയിലെ ഈ റൂട്ടിൽ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടേണ്ടെന്നാണ് തീരുമാനം. പാതയിൽ രാത്രി യാത്രക്കും നിയന്ത്രണം ഉണ്ട്. അവശ്യ സർവീസുകളെയല്ലാതെ പാതയിൽ കടത്തിവിടേണ്ടെന്നാണ് തീരുമാനം. കബാലിയുടെ സഞ്ചാരം വനം വകുപ്പിന്റെ സംഘം നിരീക്ഷിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെയാണ് ഈ പാതയിൽ വീണ്ടും യാത്രാ നിയന്ത്രണം വരുന്നത്. യാത്രക്കാരും ബസ് ജീവനക്കാരും അപായമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടില്‍ കബാലിയുടെ വില്ലത്തരം. കബാലി ഇപ്പോൾ മദപ്പാടിലാണെന്നും ഇതിനാലാണ് ഈ പരാക്രമമെന്നും വനം വകുപ്പ് പറയുന്നു. ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ്സിനുനേരെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു കബാലി പാഞ്ഞടുത്തത്. അമ്പലപ്പാറ ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. ബസ്സിന് മുന്നിലെത്തിയ കബാലി കൊമ്പു കൊണ്ട് വാഹനം കുത്തി ഉയര്‍ത്തി. പിന്നീട് താഴെവച്ചശേഷം റോഡില്‍ വാഹനത്തിന് പോകാനാകാത്ത വിധം നിലയുറപ്പിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരാക്രമത്തിന് ശേഷമാണ് കൊമ്പൻ കാടു കയറിയത്.

എട്ടരയ്ക്ക് മലക്കപ്പാറയെത്തേണ്ട ബസ് രണ്ടര മണിക്കൂര്‍ വൈകിയാണ് യാത്ര അവസാനിപ്പിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. കഴിഞ്ഞയാഴ്ച ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിനുനേരെ കബാലി പരാക്രമം കാണിച്ചിരുന്നു. എട്ടു കിലോമീറ്റര്‍ പിന്നോട്ടെടുത്താണ് ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതരാക്കിയത്. മേഖലയില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിച്ച് സുരക്ഷയൊരുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

Top