ഹാദിയ കേസില്‍ ‘ആശ്വാസ’മായി പിണറായി സര്‍ക്കാര്‍ എന്‍ ഐ എ അന്വേഷണം വേണ്ട

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ത്ത് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യ വാങ്മൂലം നല്‍കി.

കേസില്‍ എന്‍ ഐ എ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത് വസ്തു നിഷ്ഠമായിട്ടാണെന്നും, എന്‍ ഐ എ അന്വേഷണം വേണമെങ്കില്‍ അറിയിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

മതം മാറ്റത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട സംഘപരിവാര്‍ സംഘടനകള്‍ക്കുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് സംസ്ഥാനത്തിന്റെ ഈ നീക്കം.

നേരത്തെ കേസില്‍ വാദം കേട്ട സുപ്രീം കോടതി ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ലെന്നും, ഹാദിയക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു

വിവാഹം റദ്ദാക്കാനുള്ള അവകാശം ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

കേസില്‍ എന്‍.ഐ.ഐ അന്വേഷണം ആവശ്യമുണ്ടോയെന്ന് പരിശോധിക്കും, ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്‌റ്റോഡിയനെ നിയമിക്കുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച മുന്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ പുതിയ ഹര്‍ജി നല്‍കിയിരുന്നത്.

കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Top