റയലിന്റെ തോല്‍വിയില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീട് അഗ്നിക്കിരയാക്കി

സാന്റിയാഗോ: ഫുട്‌ബോള്‍ ലോകത്ത് മികച്ച ആരാധകവൃത്തം തന്നെയുണ്ട് റയല്‍ മാഡ്രിഡിന്.

അതിനാല്‍ തന്നെ റയലിന്റെ തോല്‍വി അനേകരെ നിരാശയിലാഴ്ത്തുമെന്നതില്‍ സംശയമില്ല.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ റയലിന്റെ തോല്‍വിയില്‍ ഒരു കനത്ത ആരാധകന്‍ ചെയ്തുകൂട്ടിയ സംഭവങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ശനിയാഴ്ച നടന്ന എല്‍ക്ലാസിക്കോയില്‍ റയലിന്റെ തോല്‍വിയില്‍ മനം നൊന്ത് ഒരു ആരാധകന്‍ സ്വന്തം വീട് ബോംബിട്ട് തകര്‍ത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റൊമാനിയന്‍ നഗരമായ അറാദിലാണ് സംഭവം. എഴുപതുകാരനായ ആരാധകന്‍ മത്സരശേഷം ശക്തിയേറിയ ഒരു തോട്ട തന്റെ വീട്ടിനകത്തെ ഓവനില്‍ കൊണ്ടിട്ട് പൊട്ടിക്കുകയായിരുന്നുവത്രെ.

അയല്‍വാസികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ശക്തിയില്‍ വീട് മുഴുവന്‍ കത്തിനശിച്ചു.

റയലിന്റെ കനത്ത തോല്‍വിയില്‍ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പിന്നീട് പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച നടന്ന എല്‍ക്ലാസിക്കോ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബാഴ്‌സയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

പരാജയത്തോടെ റയലിന്റെ ലാലിഗ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചെന്നു തന്നെ പറയാം. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി 14 പോയിന്റ് വ്യത്യാസമുണ്ട് റയലിന്.

Top