ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കുനേര്‍

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കുനേര്‍. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്‌നൗ ഏകന സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ ആധികാരിക ജയം നേടിയിരുന്നു.

ഒരുപിടി റെക്കോര്‍ഡുകള്‍ക്കൊപ്പമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തകര്‍ത്തത്. ലോകകപ്പിലെ ഏറ്റവും വേഗതയുള്ള സെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം ക്വിന്റണ്‍ ഡികോക്കും റസ്സി വാന്‍ ഡര്‍ ഡസ്സനും സെഞ്ചുറിയടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക നേടിയത് നിശ്ചിത 50 ഓവറില്‍ 428 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. ശ്രീലങ്ക പൊരുതിനോക്കിയെങ്കിലും അവര്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 102 റണ്‍സ് ജയം. നിലവില്‍ ടൂര്‍ണമെന്റിലെ ഉയര്‍ന്ന നെറ്റ് റണ്‍ റേറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ്.

ചെന്നൈയില്‍ ലോകേഷ് രാഹുലിന്റെയും വിരാട് കോലിയുടെയും നിശ്ചയദാര്‍ഢ്യത്തിനു മുന്നിലാണ് ഓസ്‌ട്രേലിയ വീണത്. 2 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയെങ്കിലും ഓസ്‌ട്രേലിയക്ക് കളി വിജയിക്കാനായില്ല. ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ വിറച്ച ഓസീസ് 199 റണ്‍സിന് ഓള്‍ ഔട്ടായെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. ഈ മോശം പ്രകടനം കഴുകിക്കളയുക എന്ന ലക്ഷ്യത്തോടെയാവും ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുക.

 

 

Top