ടിക്കാറാം മീണ പറഞ്ഞ സംഭവത്തിൽ, ഒടുവിൽ സംഭവിച്ചതും അറിയണം . . .

വിരമിച്ചു കഴിഞ്ഞാൽ ആത്മകഥ എഴുതി എന്തും വിളിച്ചു പറയാം എന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ശീലമാണ്. എന്തും പറയാനുള്ള ആ സ്വാതന്ത്ര്യം, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ലക്ഷ്യമിട്ടാണ് ഇത്തരം ആളുകൾ പ്രധാനമായും നടത്തുക. അത്തരം ഒരു നീക്കമാണിപ്പോൾ സർവ്വീസിൽ നിന്നും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ടിക്കറാം മീണയും നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണമാണ് ടിക്കറാം മീണ നടത്തിയിരിക്കുന്നത്.

തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ” തോൽക്കില്ല ഞാൻ എന്ന മീണയുടെ ആത്മകഥയുടെ ” ഹൈലൈറ്റ് തന്നെ പി ശശിക്കെതിരായ ആരോപണമാണ്.

വ്യാജ കള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതി‍ർപ്പ് പറഞ്ഞെന്നും, കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമമുണ്ടായെന്നും ഈ ആത്മകഥയിലുണ്ട്.

ടിക്കാറാം മീണയുടെ ഈ വെളിപ്പെടുത്തൽ ആഘോഷിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ ‘കടന്നാക്രമിക്കുന്ന’ മാധ്യമങ്ങൾ, ആ കേസിന് പിന്നെ എന്തു സംഭവിച്ചു എന്നതും അറിയണം.

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണത്. കൃത്യമായി പറഞ്ഞാൽ, 1997ൽ… അന്ന് തൃശൂർ എസ്.പി ആയിരുന്നു ബി.സന്ധ്യ. വെളുമ്പത്ത് അശോകൻ എന്ന അബ്കാരിയുടെ അന്തിക്കാട് ഒല്ലൂർ മേഖലകളിലെ ഷാപ്പുകളിൽ സന്ധ്യയും കളക്ടറും ഇടപെട്ട് വലിയ പൊലിസ് റെയ്ഡാണ് നടന്നിരുന്നത്.

എന്നാൽ, മഹസ്സർ എഴുതുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടിക്രമങ്ങൾ കൃത്യമായി ചെയ്യാൻ പോലും അവർക്കു കഴിഞ്ഞിരുന്നില്ല. പൊലീസിന്റെ സകല വാദങ്ങളും വിചാരണ കോടതിയിൽ പ്രതിഭാഗം പൊളിച്ചടുക്കുകയുണ്ടായി.ജഡ്ജിയുടെ ചോദ്യങ്ങൾക്ക് പലതിനും പ്രോസിക്യൂട്ടർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഉത്തരം പോലും ഇല്ലായിരുന്നു.

ഇതോടെ, അന്ന് ഈ കേസ് വിചാരണ നടത്തിയ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിക്കെതിരെ, പ്രോസിക്യൂഷൻ തന്നെ രംഗത്ത് വരികയും, സുപ്രീം കോടതിവരെ പോകുന്ന സാഹചര്യവുമുണ്ടായി.എന്നാൽ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രോസിക്യൂഷൻ്റെ വാദം തള്ളിയതോടെ, അവസാനം ഇതേ ജഡ്ജിയുടെ മുന്നിൽ തന്നെ അവർക്ക് കേസ് നടത്തേണ്ടിയും വന്നിരുന്നു. പൊലീസുകാരെ കൊണ്ടുവരെ കള്ള സാക്ഷി പറയിച്ചിട്ടും വലിയ തോൽവി ആയിരുന്നു ഈ കേസിൽ സംഭവിച്ചിരുന്നത്. ഇക്കാര്യം ടിക്കാറാം മീണയും സന്ധ്യയും മറന്നാലും മാധ്യമങ്ങൾ മറക്കരുത്.

അന്ന് ഈ അബ്കാരി കേസിലെ പ്രോസിക്യൂട്ടർ സുരേഷനായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ പ്രതിഷേധിച്ച് ആദ്യം രാജിവച്ച അതേ സുരേഷൻ തന്നെയാണിത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സുപ്രീം കോടതിയിൽ പോയി തിരിച്ചടി വാങ്ങിയ കാര്യവും ഈ ഘട്ടത്തിൽ നാം ഓർക്കണം.

ഇടത് – വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് തന്റെ ആത്മകഥയിലൂടെ പറയുന്നതെന്നു പറയുന്ന ടിക്കറാം മീണ, പല യാഥാർത്ഥ്യങ്ങളും വളച്ചൊടിച്ച് ബോധപൂർവ്വം വ്യക്തിഹത്യ നടത്താനാണ് ഇപ്പോൾ ശ്രമിച്ചിരിക്കുന്നത്. വയനാട് കളക്ടറായിരിക്കെ തന്നെ സസ്പെന്റ് ചെയ്തതിന് പിന്നിലും പി ശശിയാണെന്നും, ടിക്കാറാം മീണ ആത്മകഥയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇവിടെ തന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും ഭാഗത്തു വന്ന വീഴ്ചകൾ മറച്ചു വയ്ച്ചാണ് മീണ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.ശശി എന്ന പൊളിറ്റിക്കൽ സെക്രട്ടറി ഒറ്റക്ക് ഒരു തീരുമാനവും എടുക്കില്ല. മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും സി.പി.എം എന്ന രാഷ്ട്രീയ പാർട്ടിയുടെയും നിലപാടിനു അനുസരിച്ചു മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുക. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അങ്ങനെ മാത്രമാണ് പ്രവർത്തിക്കാനും കഴിയുക. തൃശൂർ സംഭവത്തിൽ പി.ശശിയെടുത്ത നിലപാട് ആയിരുന്നു ശരിയെന്നാണ്, വിചാരണ കോടതി വിധിയിലൂടെ കാലം തെളിയിച്ചിരിക്കുന്നത്. ഐ.എ.എസുകാരും ഐ.പി.എസുകാരും മാത്രം പറയുന്നത് വിശ്വസിച്ചാണ് ഭരണം നടത്തുന്നതെങ്കിൽ. സർക്കാറാണ് വെട്ടിലായി പോകുക. അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇപ്പോൾ പൊലീസിനു പുറത്ത് ബി.സന്ധ്യക്കും എസ് ശ്രീജിത്തിനും നിയമനം നൽകിയിരിക്കുന്നതെന്നതും ടീക്കാറാം മീണമാരും, അദ്ദേഹത്തിന്റെ ആത്മകഥ ആഘോഷമാക്കുന്നവരും ഓർത്തുകൊള്ളണം.

EXPRESS KERALA VIEW

 

Top