പ്രോസിക്യൂട്ടർ രാജിവച്ചത് വലിയ തെറ്റ്, വിചാരണയെ ഭയക്കുന്നത് സന്ധ്യയോ ?

ടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്… ? പ്രബുദ്ധകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കം ഏത് ഭാഗത്തു നിന്നുണ്ടായാലും അതിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യം തന്നെയാണ്. ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാകാനിരിക്കെ രാജിവച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ കോടതിയില്‍ അരങ്ങേറിയിരിക്കുന്നത്.

ഈ കേസില്‍ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. നേരത്തെയും വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു പ്രോസിക്യൂട്ടര്‍ രാജി വച്ചിരുന്നത്. കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പൊലീസ് തന്നെ നിലവില്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യമാണ് എന്നതാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ബാലചന്ദ്ര കുമാറിനും അന്വേഷണ സംഘത്തിനും എതിരെ നടന്‍ ദിലീപും പൊലീസിനു പരാതി നല്‍കിയതിനാല്‍ ഇതില്‍ പറയുന്ന കാര്യങ്ങളും ഇനി അന്വേഷിക്കേണ്ടി വരും.

സുപ്രീം കോടതി വരെ ഇടപെട്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. വിചാരണ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ വാദം തള്ളിയ സുപ്രീംകോടതി പ്രോസിക്യൂഷന്‍ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് കര്‍ശന താക്കീത് നല്‍കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. തുടര്‍ന്ന് അന്ന് പ്രോസിക്യൂട്ടര്‍ ആയിരുന്ന സുകേഷന്‍ രാജിവയ്ക്കുകയാണ് ഉണ്ടായത്. ഇതിനു ശേഷം ചുമതലയേറ്റ വി.എന്‍ അനില്‍കുമാറാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത് ഇനി പുതിയ പ്രോസിക്യൂട്ടര്‍ വന്ന് കേസ് പഠിച്ചു വരുമ്പോഴേക്കും കേസ് അനന്തമായി നീളും. സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശത്തിന് എതിരാണിത്.

എന്തിനാണ് തുടര്‍ച്ചയായി ഇങ്ങനെ വിചാരണ കോടതി ജഡ്ജിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അവിശ്വാസം രേഖപ്പെടുത്തുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഇതിനു പിന്നില്‍ ആരുടെയെങ്കിലും സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അതും പുറത്തു വരേണ്ടതുണ്ട്. വിചാരണ കോടതി ജഡ്ജിയായ ഹണി എം വര്‍ഗ്ഗീസ് വളരെ സത്യസന്ധയായ ഒരു ജഡ്ജിയാണ്. അവരെ അറിയാവുന്ന ഏതൊരാള്‍ക്കും വ്യക്തമാകുന്ന കാര്യമാണിത്. ജീവിതത്തില്‍ ഇന്നുവരെ ഒരു ആക്ഷേപത്തിനും അവര്‍ ഇട നല്‍കിയിട്ടില്ല എന്നതും നാം മനസ്സിലാക്കണം. അത്തരമൊരു ജഡ്ജിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ആര് ഉന്നയിച്ചാലും നിയമ സംവിധാനം ഗൗരവമായി തന്നെ അതിനെ നേരിടേണ്ടതുണ്ട്.

ഈ കേസില്‍ വിചാരണ പൂര്‍ത്തിയാകും മുന്‍പ് തന്നെ എന്തിനാണ് പ്രോസിക്യൂഷന്‍ വിളറി പിടിക്കുന്നത്? ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന് ജാമ്യം നിഷേധിക്കുന്നതിനായി നിരന്തരം വാദിച്ച പ്രോസിക്യൂഷന്റെ ഇപ്പോഴത്തെ നിലപാട് ദുരുഹമാണ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. എ.ഡി.ജി.പി ബി സന്ധ്യയാണ് ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചിരുന്നത്. കുറ്റക്കാരന്‍ എത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടണം എന്നത് ആഗ്രഹിച്ചാണ് സര്‍ക്കാര്‍ എല്ലാ സ്വാതന്ത്ര്യവും അന്വേഷണ സംഘത്തിനു നല്‍കിയിരുന്നത്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ഇക്കാര്യത്തില്‍ ആക്രമിക്കപ്പെട്ട നടിക്കു പോലും സംശയം ഉണ്ടാകും എന്നും തോന്നുന്നില്ല.

ഈ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കയറി അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കാട്ടിയതും പൊലീസാണ്. എല്ലാ പ്രതികളെയും പിടികൂടാനും പൊലീസിനു കഴിഞ്ഞിട്ടുണ്ട്. നടന്‍ ദിലീപിനെ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് എ.ഡി.ജി.പി ബി.സന്ധ്യയാണ്. അതല്ലാതെ സര്‍ക്കാറല്ല. അതു കൊണ്ടു തന്നെ ഗൂഢാലോചന വിചാരണകോടതിയില്‍ തെളിയിക്കേണ്ടത് സന്ധ്യയുടെ കൂടി ബാധ്യതയാണ്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ നിരപരാധിയാണെങ്കില്‍ അതിന് അന്വേഷണ സംഘം ഉള്‍പ്പെടെ നല്‍കേണ്ടി വരിക വലിയ വിലയായിരിക്കും.

നമ്പി നാരായണന്‍ കേസ് തന്നെ ഇതിന് ഉദാഹരണമാണ്. സിബി മാത്യൂസ് ഉള്‍പ്പെടെ ഉള്ളവരാണ് കള്ളക്കേസ് ചമച്ചതിന് ഇപ്പോള്‍ പ്രതികളായിരിക്കുന്നത്. ഇതേ അവസ്ഥ നടി ആക്രമിക്കപ്പെട്ട കേസില്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ദിലീപ് തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരു ഉറപ്പും പ്രോസിക്യൂഷനില്ല എന്നതാണ് പ്രോസിക്യൂട്ടര്‍മാരുടെ രാജിയിലൂടെ വ്യക്തമായിരിക്കുന്നത്. തടിതപ്പാന്‍ ഇങ്ങനെ വിചാരണ കോടതിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിട്ട് ഒരു കാര്യവുമില്ല.

തന്റെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലില്‍ കുരുങ്ങി കിടക്കുകയാണെന്ന് പറയുന്ന സംവിധായകന്‍ ബാലചന്ദ്രന്‍ ഈ കേസില്‍ സര്‍ക്കാര്‍ എടുത്ത കര്‍ക്കശ നിലപാടുകള്‍ മറന്നു പോകരുത്. നിങ്ങളുടെ എന്നല്ല ഏതൊരു ആളുടെ വെളിപ്പെടുത്തലുകളും അന്വേഷിക്കപ്പെടണം. എന്നാല്‍ അത് ബോധപൂര്‍വം വിചാരണ നീട്ടി കൊണ്ടു പോകാനാണെങ്കില്‍ അക്കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യം പറയുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനും കഴിയുകയില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണത്. കൃത്യമായി പറഞ്ഞാല്‍, 1997ല്‍… അന്ന് തൃശൂര്‍ എസ്.പി ആയിരുന്നു ബി.സന്ധ്യ. വെളുമ്പത്ത് അശോകന്‍ എന്ന അബ്കാരിയുടെ അന്തിക്കാട് ഒല്ലൂര്‍ മേഖലകളിലെ ഷാപ്പുകളില്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം അന്ന് പൊലിസ് റെയ്ഡ് നടത്തുകയുണ്ടായി. എന്നാല്‍ മഹസ്സര്‍ എഴുതുന്നതടക്കമുള്ള കാര്യങ്ങളില്‍ നടപടിക്രമങ്ങള്‍ കൃത്യമായി ചെയ്തിരുന്നില്ല. ഇതാകട്ടെ വിചാരണ കോടതിയില്‍ പൊലീസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് പലതിനും പ്രോസിക്യൂട്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഉത്തരം പോലും ഇല്ലായിരുന്നു.

തുടര്‍ന്ന് അന്ന് വിചാരണ നടത്തിയ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വരികയും സുപ്രീം കോടതിവരെ പോകുന്ന സാഹചര്യവുമുണ്ടായി. ഹൈക്കോടതിയും സുപ്രീം കോടതിയും ഈ ആവശ്യം തള്ളിയതോടെ അവസാനം ഇതേ ജഡ്ജിയുടെ മുന്നില്‍ തന്നെ അവര്‍ക്ക് കേസ് നടത്തേണ്ടിയും വന്നിരുന്നു. പൊലീസുകാരെ കൊണ്ടുവരെ കള്ള സാക്ഷി പറയിച്ചിട്ടും തോല്‍വി ആയിരുന്നു ഈ കേസില്‍ സംഭവിച്ചിരുന്നത്. അന്ന് ഈ അബ്കാരി കേസിലെ പ്രോസിക്യൂട്ടര്‍ സുരേഷനായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ പ്രതിഷേധിച്ച് ആദ്യം രാജിവച്ച അതേ സുരേഷന്‍ തന്നെയാണിത്. ഇക്കാര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്.

തൃശൂര്‍ അബ്കാരി കേസില്‍ വെറുതെ വിടപ്പെട്ട അശോകന്‍ മിണ്ടാതിരുന്നത് പോലെയാകില്ല ദിലീപ് കുറ്റവിമുക്തനായാല്‍ സംഭവിക്കാന്‍ പോകുന്നത്. നമ്പി നാരായണന്റെ വഴിയേ അദ്ദേഹവും പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിലീപിനെതിരെ തെളിവ് കയ്യിലുണ്ടെങ്കില്‍ അത് കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കേണ്ടത്. പ്രതികളെ ശിക്ഷിക്കാന്‍ തെളിവുകളാണ് വേണ്ടത്. ‘അതല്ലാതെ വിചാരണ കോടതി ജഡ്ജിക്കെതിരെ നീങ്ങിയാല്‍ അത് ഉദ്ദേശിച്ച ഫലമല്ല ഉണ്ടാക്കുക. തൃശൂരില്‍ മുന്‍പ് സംഭവിച്ചതും അതാണ്.

EXPRESS KERALA VIEW

Top