ബോക്‌സിങ് പോരാട്ടത്തില്‍ ഇതിഹാസ താരം മെയ്‌വെതറിന് കിരീടം

ലാസ് വെഗാസ്: ബോക്‌സിങ് പോരാട്ടത്തില്‍ ഫ്‌ളോയ്ഡ് മെയ്‌വെതറിന് വിജയകിരീടം.

ആദ്യ പ്രൊഫഷണല്‍ പോരാട്ടത്തിനിറങ്ങിയ മാക് ഗ്രിഗറിനെ ഇടിച്ചിട്ട അമേരിക്കന്‍ താരം തുടര്‍ച്ചയായ അമ്പതാം വിജയമാണാഘോഷിച്ചത്.

യു.എസിലെ ലാസ് വെഗാസില്‍ നടന്ന മത്സരത്തില്‍ ഗ്രിഗറിന്റെ മുഖം രക്തത്തില്‍ കുളിച്ചു. മൂന്ന് മിനിറ്റ് വീതമുള്ള 12 റൗണ്ടുകളായാണ് മത്സരം നടക്കേണ്ടിയിരുന്നത്‌.

പത്താം റൗണ്ടില്‍ തന്നെ മത്സരത്തിന്റെ വിധി വന്നു. മെയ്‌വെതറിന്റെ തലങ്ങും വിലങ്ങുമുള്ള ഇടിയില്‍ ഗ്രിഗര്‍ ചോരയൊലിപ്പിച്ച് റിങ്ങിന് ചുറ്റുമുള്ള റോപ്പിലേക്ക് വീഴുകയായിരുന്നു.

റഫറി പോരാട്ടം അവസാനിപ്പിക്കാന്‍ പറഞ്ഞ സമയത്ത് പത്താം റൗണ്ടില്‍ തന്നെ ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുണ്ടായിരുന്നു.

box 2

മെയ്‌വെതര്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യ മൂന്ന് റൗണ്ടുകളില്‍ ഏകപക്ഷീയമായ ലീഡ് നേടിയ അയര്‍ലണ്ടുകാരന്‍ ഒന്‍പത് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ലോകത്തെ മികച്ച ബോക്‌സര്‍ക്ക് ഒരു പോയിന്റ് മാത്രം പിന്നിലായിരുന്നു.(85-86).

അവസാന റൗണ്ടുകളില്‍ തുടക്കക്കാരന്റെ തളര്‍ച്ച മുതലെടുത്ത മെയ്‌വെതര്‍ കടുത്ത ആക്രമണം അഴിച്ച് വിട്ടപ്പോള്‍ പത്താം റൗണ്ടില്‍ മത്സരം അവസാനിച്ചു.

ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്‌സറാണ് ഫ്‌ളോയ്ഡ് മെയ്‌വെതര്‍.

ലോക ബോക്‌സിങ് അസോസിയേഷന്റെയും ലോക ബോക്‌സിങ് കൗണ്‍സിലിങ്ങിന്റെയും കിരീടങ്ങള്‍ നേടിയ താരത്തിന് ലോകത്തിൽ ആരാധകരും കുടുതലാണ്.

ഐറിഷുകാരനായ ഗ്രിഗര്‍ ലെയ്റ്റ്‌വെയ്റ്റ്, ഫെതര്‍ വെയ്റ്റ് വിഭാഗങ്ങളില്‍ ചാമ്പ്യനായിരുന്നു.

ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ പട്ടം തുടര്‍ച്ചായ പത്ത് വര്‍ഷം കൈവശംവെച്ച ജോസ് ആള്‍ഡോയെ വെറും 13 സെക്കന്റിനുള്ളില്‍ ഗ്രിഗര്‍ ഇടിച്ചിട്ടിരുന്നു. ആ പോരാട്ടവീര്യം മെയ്‌വെതറിന് മുന്നില്‍ ആവര്‍ത്തിക്കാന്‍ ഗ്രിഗറിന് കഴിഞ്ഞില്ല.

പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമായി ഒറ്റ മത്സരം കൊണ്ട് ഏകദേശം നാലായിരം കോടി രൂപയാണ് ഈ പോരാട്ടത്തിന് വരുമാനം ലഭിച്ചത്.

Top