2019-ലെ ഒഡീഷ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്ന് അമിത് ഷാ

ഭുവനേശ്വര്‍: 2019-ല്‍ നടക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യം ഉണ്ടാവില്ല. ‘മിഷന്‍ 120’ യിലൂടെ ആകെയുള്ള 147 സീറ്റുകളില്‍ 120 എണ്ണവും നേടിയെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഒഡീഷയില്‍ എത്തിയതായിരുന്നു അമിത് ഷാ.

2014-ലെ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ മാത്രം നേടിയ ബിജെപി 120 സീറ്റിലേക്ക് എത്തുന്നതെങ്ങനെയെന്ന ചോദ്യത്തിന് അദ്ദേഹം യുപി ഉദാഹരണമായി ചൂണ്ടിക്കാട്ടി. യുപിയിലെ മുന്‍ തെരഞ്ഞെടുപ്പില്‍ 15 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന പാര്‍ട്ടി നാലില്‍ മൂന്നു ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി 18 ശതമാനം വോട്ട് നേടുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ ജനപിന്തുണയാണ് ബിജെപിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ പട്‌നായിക് സര്‍ക്കാരിനെ രൂക്ഷഭാഷയിലാണ് ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചത്. പട്‌നായിക് സര്‍ക്കാര്‍ കഴിവുകെട്ട സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപ അനുവദിച്ചെങ്കിലും ഇത് ജനങ്ങളിലേക്ക് എത്തിയില്ലെന്ന് ഷാ ആരോപിച്ചു. കാര്യക്ഷമതയില്ലായ്മയും അഴിമതിയും ദുര്‍ഭരണവും മൂലം സംസ്ഥാനം പിന്നാക്കാവസ്ഥയിലും ദാരിദ്രത്തിലും തുടരുകയാണെന്നും ഷാ പറഞ്ഞു.

Top