ടെസ്റ്റ് റാങ്കിങിൽ ഋഷഭ് പന്ത് മുന്നോട്ടും കോലി പിന്നോട്ടും

എജ്ബാസ്റ്റൻ ടെസ്റ്റിൽ ബാറ്റിങ്ങിൽ ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തിയതിനു പിന്നാലെ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഐസിസി ബാറ്റിങ് റാങ്കിങ്ങിലും നിരാശ. നേരത്തെ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ 9–ാം സ്ഥാനത്തായിരുന്ന കോലി ഇപ്പോൾ 13–ാം സ്ഥാനത്തേക്കായി.

എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 11 റൺസെടുത്ത കോലി 2–ാം ഇന്നിങ്സിൽ 20 റൺസിനു പുറത്തായി. അതേ സമയം ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 146 റൺസും 2–ാം ഇന്നിങ്സിൽ 57 റൺസുമെടുത്ത ഋഷഭ് പന്ത് തന്റെ സ്ഥാനം മെച്ചപ്പെടുത്തി 5–ാം റാങ്കാക്കി മാറ്റി. പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.

കഴിഞ്ഞ 6 ടെസ്റ്റ് ഇന്നിങ്സുകളിൽ 2 സെഞ്ചറിയും 3 അർധ സെഞ്ചറിയും നേടാനായതാണു പന്തിനെ തുണച്ചത്. എജ്ബാസ്റ്റൻ ടെസ്റ്റിലും സെഞ്ചറി നേടിയ ജോ റൂട്ട് തന്നെയാണു റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. 923 റേറ്റിങ് പോയിന്റുള്ള റൂട്ട്, ഐസിസിയുടെ റാങ്കിങ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോയിന്റുകൾ നേടിയ 20 ബാറ്റർമാരുടെ എലീറ്റ് പട്ടികയിലും ഇടംപിടിച്ചു. മാർന്നസ് ലബുഷെയ്ൻ, ബാബർ അസം, സ്റ്റീവ് സ്മിത്ത് എന്നിവരാണ് യഥാക്രമം 2,3,4 സ്ഥാനങ്ങളിലുമാണ്.

 

Top