ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്ന് യുവരാജ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കാനായി ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്ന കാര്യം ആലോചിക്കണമെന്ന അഭിപ്രായം മുന്നോട്ടു വച്ച് യുവരാജ് സിങ്.

ഏറ്റവും മികച്ച ഐപിഎല്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് ഉടമയായ രോഹിത്തിനെ ട്വന്റി-20 ക്യാപ്റ്റനാക്കിയാല്‍, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോഹ്ലിയുടെ ഉത്തരവാദിത്വഭാരത്തില്‍ കാര്യമായ കുറവു വരുമെന്നും. ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണു മുന്‍പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്നത്. രണ്ടു ഫോര്‍മാറ്റുകള്‍ക്കും കൂടി ഒരു ക്യാപ്റ്റന്‍ എന്ന രീതിയാണു മുന്‍പു പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ട്വന്റി- 20യുടെ കാര്യവും ആലോചിക്കേണ്ടതുണ്ടെന്നുമാണ് യുവരാജ് അഭിപ്രായപ്പെട്ടത്.

‘2011 ലോകകപ്പിനു ശേഷം എനിക്കു ടീം മാനേജ്‌മെന്റിന്റെ പിന്തുണ ഉണ്ടായില്ല. മറിച്ചായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരു ലോകകപ്പ് കൂടി കളിച്ചേനേ’ എന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജൂണിലാണ് യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് യുവരാജ് സിങ് കാഴ്ച വച്ചിരുന്നത്. 362 റണ്‍സും 15 വിക്കറ്റുകളുമാണ് മത്സരത്തില്‍ താരം നേടിയത്.

Top