സ്വീഡനില്‍ ശക്തമായ സ്‌ഫോടനം; 19 പേര്‍ക്ക് പരുക്ക്

സ്റ്റോക്കോം: തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംഗ് നഗരത്തില്‍ സ്‌ഫോടനം. 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ലിന്‍ശോപിംഗ് നഗരത്തിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ട്‌ അഞ്ചു നില കെട്ടിടങ്ങള്‍ ഭാഗീകമായി തകര്‍ന്നു.

സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സ്വീഡനില്‍ വര്‍ഷങ്ങളായി നടക്കുന്ന വിവിധ സംഘങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങളുടെ ഭാഗമായിരിക്കാം ഈ സ്‌ഫോടനം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വളരെ വലിയ സ്‌ഫോടനമാണ് ലിന്‍ശോപിംഗ് നഗരത്തില്‍ ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ‘ഞാന്‍ കുളിക്കുകയായിരുന്നു, അപ്പോഴാണ് കെട്ടിടം വല്ലാതെ വിറകൊള്ളുന്നതു പോലെ തോന്നിയത്. ഇടിവെട്ടു പോലെയായിരുന്നു അത്, ഒരുപക്ഷേ അതിനേക്കാളും ശക്തമായത്… കെട്ടിടം മൊത്തം കുലുങ്ങി. പുറത്തിറങ്ങി ഏതാനും സമയം കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി.’ സമീപവാസിയായ ജൊഹാന്‍സണ്‍ പറഞ്ഞു.

സ്‌ഫോടനം നടന്ന പ്രദേശത്ത് പൊലീസ് അതിസുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ മറ്റ് അപാര്‍ട്‌മെന്റുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു നില കെട്ടിടത്തിന്റെ ബാല്‍ക്കണികളും ചുമരുകളുമാണ് തകര്‍ന്നത്. മറ്റു ചില കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top