ആഹ്ലാദിക്കാന്‍ വകയുണ്ട്; ലോകത്ത് 1 ലക്ഷം പേര്‍ കൊവിഡ്19 രോഗമോചിതരായി!

ലോകം മുഴുവന്‍ ആശങ്കയുടെ നിഴലിലാണ്. ഓരോ സ്ഥലത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴും മനുഷ്യന്‍ നടുങ്ങുന്നു. പക്ഷെ ഈ ആശങ്കകള്‍ക്കും, ഭയത്തിനും ഇടയില്‍ പ്രതീക്ഷയേകുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. കൊറോണാവൈറസ് രോഗബാധയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു.

350,000 പേരിലേക്ക് ഇന്‍ഫെക്ഷന്‍ പടരുകയും, 15000 പേരുടെ മരണത്തില്‍ കലാശിക്കുകയും ചെയ്ത കൊറോണാവൈറസ് 192 രാജ്യങ്ങളിലും, ഭൂപ്രദേശങ്ങളിലുമാണ് വ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലെ മൂന്ന് കൊവിഡ്19 കേസുകളാണ് ഫെബ്രുവരിയില്‍ രോഗമുക്തി നേടിയത്. മാര്‍ച്ച് 4ന് 14 ഇറ്റലിക്കാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേര്‍ ഗുരുഗ്രാമിലെ മെദാന്ത മെഡ്‌സിറ്റിയില്‍ നിന്നും രോഗമോചിതരാവുകയും ചെയ്തു.

മൂന്ന് ദിവസം മരുന്നില്ലാതെ പനി ഇല്ലാതെ ഇരിക്കുകയും, ഒരാഴ്ച ചുമ, ശ്വാസതടസ്സം തുടങ്ങി ബുദ്ധിമുട്ടുകള്‍ ഇല്ലാതെ പോകുകയും, രണ്ട് ദിവസം തുടര്‍ച്ചയായി കൊവിഡ്19 ടെസ്റ്റില്‍ നെഗറ്റീവ് ആവുകയും ചെയ്യുമ്പോഴാണ് രോഗികളെ ഐസൊലേഷനില്‍ നിന്നും രോഗം മാറിയതായി കണ്ടെത്തി പുറത്തുവിടുന്നത്. ലക്ഷണങ്ങള്‍ കാണാതായ ശേഷം ദിവസങ്ങളോളം വൈറസ് ശരീരത്തില്‍ കാണുമെന്നതാണ് രണ്ട് ടെസ്റ്റുകളില്‍ നെഗറ്റീവാകണമെന്ന നിബന്ധനയ്ക്ക് കാരണം.

പ്രാരംഭ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ചികിത്സ തേടുന്നവര്‍ക്ക് രണ്ടാഴ്ച കൊണ്ട് തന്നെ രോഗമുക്തി സാധ്യവുമാണെന്ന് ആഗോള തലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കടുത്ത ഇന്‍ഫെക്ഷന്‍ ബാധിച്ചാല്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ തിരിച്ചുവരാന്‍ ആവശ്യമായി വരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സെല്‍ഫ് ഐസൊലേഷനും, ക്വാറന്റൈനും കൃത്യമായി പാലിച്ചാല്‍ സമൂഹത്തില്‍ രോഗം പടുന്നത് ഒഴിവാക്കാമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Top