കണക്കുകള്‍ വ്യാജം; സമ്പൂര്‍ണ്ണ ശൗചാലയം പൂര്‍ണ്ണ പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍

ലഖ്‌നൗ: സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് വലിയ പ്രശംസ ലഭിക്കുന്ന സാഹചര്യത്തിലും ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും ശൗചാലങ്ങള്‍ പണി കഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ഹെതാംപൂര്‍ ഗ്രാമത്തില്‍ 1,200 ആളുകളാണ് താമസിക്കുന്നത്. സമ്പൂര്‍ണ്ണ ശൗചാലയ യജ്ഞം സാധ്യമായ ഗ്രാമങ്ങളുടെ പട്ടികയില്‍ ഹെതാംപൂര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്വന്തമായി ശൗചാലയമോ ഗ്യാസ് സിലിണ്ടറോ റേഷന്‍ കാര്‍ഡോ പോലും ലഭ്യമാകാത്ത ആളുകളാണ് ഇവിടെയുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞങ്ങള്‍ അതിരാവിലെ പറമ്പുകളിലേയ്ക്ക് പോയാണ് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. എന്താണ് അതില്‍ പ്രശ്‌നമുള്ളത്? പക്ഷേ, ഞങ്ങള്‍ക്ക് പാചക വാതക സിലിണ്ടറോ റേഷന്‍ കാര്‍ഡോ ഇല്ലെന്നുള്ളതാണ് ബുദ്ധിമുട്ട്’ ഗ്രാമവാസിയായ ഊര്‍മ്മിള പറഞ്ഞു.

ഗ്രാമത്തലവനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പലതവണ സമീപിച്ചിരുന്നെന്നും എന്നാല്‍ കൃത്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നുമാണ് ആരോപണം. സ്ത്രീകളാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും അവരുടെ സുരക്ഷയെ സംബന്ധിച്ച് വലിയ വെല്ലുവിളികള്‍ ഉണ്ടാകുന്നുണ്ടെന്നും ഖുറേഷ ബാനോ വ്യക്തമാക്കി.

ഒരു ദേശീയ മാധ്യമം 50 വീടുകള്‍ സന്ദര്‍ശിച്ചതില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. 200 വീടുകളാണ് ഇത്തരത്തില്‍ ഇവിടെയുള്ളത്. പത്തെണ്ണം ഉള്ളതില്‍ പലതും പണി പൂര്‍ത്തിയായിട്ടില്ല. ഇതേ ഗ്രാമമാണ് പൂര്‍ണ്ണമായും പൊതു വിസര്‍ജ്ജന മുക്തമായി എന്ന് സര്‍ക്കാര്‍ കണക്കുകളില്‍ അവകാശപ്പെടുന്നത്. സ്വതന്ത്രമായ സംവിധാനമല്ല ഇക്കാര്യത്തില്‍ അപഗ്രഥനങ്ങള്‍ നടത്തിയത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Mohammed-Ismail-with-his-family-in-Hetampur-Barabanki.-The-family-does-not-have-a-toilet-1024x768

അടുത്തിടെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഒരു സര്‍വ്വേ നടത്തി. ലഖ്‌നൗ അടക്കമുള്ള പ്രദേശങ്ങളില്‍ പലതിലും ശൗചാലയങ്ങള്‍ നിര്‍മ്മാണം തുടങ്ങിയിട്ടു പോലും ഇല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലഖ്‌നൗവിലെ 12 ഗ്രാമങ്ങളില്‍ സര്‍വ്വേ നടത്തിയതില്‍ ആറ് ഗ്രാമങ്ങളുടെ പേരുകള്‍ 50 ശതമാനം പദ്ധതി വിജയം എന്ന പട്ടികയില്‍ തിരുകി കയറ്റി ഇരിക്കുകയാണെന്നും അവിടെ നിര്‍മ്മാണങ്ങള്‍ നടന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു. സുല്‍ത്താന്‍പൂരില്‍ ഒരു ശൗചാലയം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

മീററ്റ്, ഷാംലി ജില്ലകള്‍ പൂര്‍ണ്ണമായും പൊതു മലമൂത്ര വിസ്സര്‍ജ്ജനം ഇല്ലാതായ ജില്ലകളാണെന്നാണ് 2017ലെ പ്രഖ്യാപനം. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പലതിലും ഇപ്പോഴും ശൗചാലയ സൗകര്യമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഗ്ലാമാല്‍ പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. നാലേക്കര്‍ ഭൂമിയുള്ള കര്‍ഷകനാണ് സന്ദീപ് തോമര്‍. എന്നാല്‍ അദ്ദേഹത്തിനും ശൗചാലയം നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തുന്നത്. ഈ ഗ്രാമത്തില്‍ 50 സതമാനത്തിലധികം ആളുകള്‍ക്കും ശൗചാലയ സൗകര്യങ്ങളില്ല.
toilet up33

പദ്ധതിയ്ക്ക് അനുവദിക്കുന്ന പണം ആളുകളില്‍ എത്തുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം. ഗ്രാമത്തലവനില്‍ നിന്നും ജനങ്ങളിലേയ്ക്ക് ഇത്‌ എത്താറില്ലെന്ന് ഗ്രാമവാസികളും പറയുന്നു. 2018 ഒക്ടോബര്‍ 2ന് മുന്‍പായി രാജ്യത്ത് എല്ലാവര്‍ക്കും ടോയ്‌ലറ്റുകള്‍ ലഭ്യമാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി. സര്‍ക്കാര്‍ കണക്കുകളില്‍ പദ്ധതി ലക്ഷ്യത്തോട് അടുക്കുന്നു എന്നു തന്നെയാണ് കാണിക്കുന്നതെങ്കിലും നേരിട്ടുള്ള അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ഉത്തര്‍പ്രദേശില്‍ മാത്രം പദ്ധതിയുടെ പത്ത് ശതമാനം പോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Top