സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ വിനോദ പരിപാടികള്‍ പുനഃരാരംഭിക്കും

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിനോദ പരിപാടികള്‍ പുനഃരാരംഭിക്കാന്‍ സൗദി അറേബ്യ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചു.

രാജ്യത്ത് നിര്‍ത്തിവച്ചിരുന്ന വിനോദ വേദികള്‍ 40 ശതമാനം ശേഷിയിലായിരിക്കും തുറക്കാന്‍ അനുവദിക്കുക. രോഗപ്രതിരോധ കുത്തിവയ്പ് ലഭിച്ചവര്‍ക്ക്, തവക്കല്‍ന ആപ്പ് പരിശോധിച്ചായിരിക്കും വിനോദ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. പരിപാടികള്‍ക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും ലഭിക്കുക.

കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് വിവിധ ഇവന്റ് സൈറ്റുകളില്‍ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, അണുനശീകരണം എന്നിവ പോലുള്ള മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്. സന്ദര്‍ശകര്‍ക്കായി കൃത്യമായ പ്രവേശന സമയം ക്രമീകരിക്കണം.

താപനില അളക്കുന്നതും ശ്വസന സംബന്ധമായ രോഗ ലക്ഷണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിംഗ്, നിരീക്ഷണ ആവശ്യങ്ങള്‍ക്കായി എല്ലാ പ്രധാന പ്രവേശന കവാടങ്ങളിലും പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഉയര്‍ന്ന താപനിലയോ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമുള്ള സന്ദര്‍ശകരേയും ഉപഭോക്താക്കളേയും പ്രവേശിക്കുന്നത് തടയണമെന്നും നിര്‍ദേശമുണ്ട്.

Top