അന്തിമ വിധിക്കായി ഇനിയും കാത്തിരിക്കണം; ശബരിമല നേട്ടമാക്കാന്‍ ബിജെപി

ബരിമലയും, അയ്യപ്പനും കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാവിഷയമാണ്. സുപ്രീംകോടതി 2018ല്‍ പുറപ്പെടുവിച്ച സ്ത്രീപ്രവേശന വിധിയാണ് ഇതിനുള്ള വഴിയൊരുക്കിയത്. വിധിയെ അനുകൂലിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതോടെ ബിജെപിയും, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫും ഭക്തര്‍ക്കൊപ്പം നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ കൊഴുത്തു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചൂട് ആറിത്തണുത്തു. 2019 തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിച്ചില്ലെങ്കിലും ബിജെപിയുടെ വോട്ടിംഗ് ശതമാനം അഞ്ച് ശതമാനത്തോളം വര്‍ദ്ധിച്ചു. എല്‍ഡിഎഫ് വിരുദ്ധ നിലപാട് കേരളത്തില്‍ സൃഷ്ടിക്കാന്‍ ബിജെപി പ്രധാന റോള്‍ നിര്‍വ്വഹിച്ചെങ്കിലും ഇതിന്റെ ഗുണം കോണ്‍ഗ്രസിനാണ് വോട്ടില്‍ ലഭിച്ചത്.

ബിജെപിക്ക് സംസ്ഥാനത്ത് ശക്തമായ സംഘടനാ ശക്തി ഇല്ലാത്തതാണ് വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കിയതെന്നാണ് കരുതുന്നത്. ശബരിമല പുനഃപ്പരിശോധ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട് അന്തിമവിധിക്കായി കൂടുതല്‍ സമയം അനുവദിച്ചതോടെ ത്രിപുര മാതൃകയില്‍ കേരളത്തില്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. 1.5 ശതമാനത്തില്‍ നിന്നിരുന്ന വോട്ടിംഗ് ശതമാനം 43 ശതമാനത്തിലേക്ക് ഉയര്‍ത്തിയാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച് കയറിയത്.

സുപ്രീംകോടതിയുടെ പുതിയ നിലപാട് രാഷ്ട്രീയ മൈലേജിനായി ബിജെപി ഉപയോഗിക്കും. കേരളത്തെ അടുത്ത ത്രിപുരയാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഈ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് കരുതിയ അമേഠിയില്‍ സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്നാണ് അവരുടെ നേതാവ് ലോക്‌സഭ കണ്ടത്.

Top